കേരള സ്റ്റാർട്ടപ് കോമൺസ് പദ്ധതിയിലേക്ക് സേവനദാതാക്കളിൽ നിന്നു സ്റ്റാർട്ടപ് മിഷൻ അപേക്ഷ ക്ഷണിച്ചു. സ്റ്റാർട്ടപ്പുകൾക്ക് നിയമ, സാങ്കേതിക, സാമ്പത്തിക മേഖലകളിലുള്ള സേവനങ്ങൾ മിതമായ നിരക്കിൽ നൽകുന്നതാണ് പദ്ധതി. വിവിധ മേഖലകളിലെ വിദഗ്ധരെ ഉൾക്കൊള്ളിച്ചുള്ള സേവനദാതാക്കളുടെ പാനൽ തയാറാക്കും.എം പാനൽ ചെയ്യുന്ന വിദഗ്ധരിൽ നിന്നു സ്റ്റാർട്ടപ്പുകൾക്ക് സേവനങ്ങൾ സ്വീകരിക്കാം.
നിയമ, സാമ്പത്തിക സേവനങ്ങൾ, ബൗദ്ധിക സ്വത്തവകാശം സ്വീകരിക്കൽ, സാങ്കേതിക കൈമാറ്റം, ഉൽപന്നങ്ങൾക്കുള്ള ഗുണമേന്മാ സാക്ഷ്യപത്രവും ലൈസൻസും ലഭ്യമാക്കൽ, ബിസിനസ് വിപുലീകരിക്കുന്നതിനുള്ള നെറ്റ്‌വർക്കിങ് തുടങ്ങിയ സേവനങ്ങൾ പദ്ധതിയിലൂടെ ലഭ്യമാകും.പദ്ധതിയുടെ ഭാഗമാകാൻ ഈ മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തികളോ റജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളോ ആയിരിക്കണം. തിരഞ്ഞെടുക്കുന്നവരെ കെഎസ്‌യുഎം സേവനദാതാക്കളായി എംപാനൽ ചെയ്യും. വിവരങ്ങൾക്ക്: https://startupmission.in/startupcommons/