മെഡിക്കൽ ഉപകരണ മേഖലകളിലെ സ്റ്റാർട്ടപ്പുകളെയും ഗവേഷകരെയും പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിനു കീഴിലെ കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യവും കേരള സ്റ്റാർട്ടപ്പ് മിഷനും ധാരണാപത്രത്തിൽ ഒപ്പിട്ടു. സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബികയും കെഎംടിസി സ്പെഷൽ ഓഫിസർ സി. പത്മകുമാറുമാണ് ഒപ്പിട്ടത്.
മെഡിക്കൽ ടെക്‌നോളജി, ഉപകരണ മേഖലയിൽ കേരളത്തെ ദേശീയതലത്തിൽ മുൻനിര സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപംകൊടുത്തതാണ് കേരള മെഡിക്കൽ ടെക്‌നോളജി കൺസോർഷ്യം. സ്റ്റാർട്ടപ് മിഷനിൽ റജിസ്റ്റർ ചെയ്ത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് വിപണി കണ്ടെത്താനും വളരാനും സാധ്യമാകുംവിധം ഗവേഷണ- വികസന, ഉൽപാദന മാർഗനിർദേശങ്ങളും സാങ്കേതിക സഹായങ്ങളും നൽകുകയാണ് കൺസോർഷ്യം ചെയ്യുക.