കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സർക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. 

കേരള സർക്കാർ ഉടമസ്ഥതയിലുള്ള സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) സംസ്ഥാന സർക്കാരിന് 21 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു

കെ.എഫ്.സി ആസ്ഥാനമായ തിരുവനന്തപുരത്ത് ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം. 2022-23 സാമ്പത്തിക വർഷത്തെ കണക്കുകളും വാർഷിക പൊതുയോഗം അംഗീകരിച്ചു. ഒരു ഓഹരിക്ക് 5 രൂപ ലാഭവിഹിതം പ്രഖ്യാപിക്കാൻ കോർപ്പറേഷൻ തീരുമാനിച്ചു. 99% ഓഹരികളും സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള കെ.എഫ്.സി.യിലെ മറ്റു ഓഹരി ഉടമകൾ സിഡ്ബി, സ്റ്റേറ്റ്  ബാങ്ക് ഓഫ്  ഇന്ത്യ, എൽ.ഐ.സി മുതലായ സ്ഥാപനങ്ങളാണ്.
 
“2022-23 സാമ്പത്തിക വർഷം കേരള സർക്കാർ സംരംഭക വർഷമായി പ്രഖ്യാപിച്ചിരുന്നു. എം.എസ്.എം.ഇ.കളെയും സ്റ്റാർട്ടപ്പുകളെയും പിന്തുണയ്ക്കുന്നതിന് ഈ സാമ്പത്തിക വർഷത്തിൽ കെ.എഫ്.സി. സ്വീകരിച്ചിരുന്ന സമീപനം വളരെ ശ്രദ്ധേയമാണ്. വിവിധ പദ്ധതികളിലൂടെ കെ.എഫ്.സി.ക്ക് വലിയൊരു വിഭാഗം ജനങ്ങളിലേക്കും എത്തിച്ചേരാൻ കഴിഞ്ഞു. എം.എസ്.എം.ഇ.കളെയും സ്റ്റാർട്ടപ്പുകളേയും പിന്തുണയ്ക്കുന്നതിൽ കെ.എഫ്.സി. അതിന്റെ പങ്ക് തുടരുന്നു. അത് കൂടുതൽ തൊഴിൽ നൽകുകയും കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ വളർത്തുകയും ചെയ്യുന്നു”, കെ.എഫ്.സി.ക്ക് അയച്ച സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
 
കെ.എഫ്.സി. അതിന്റെ 70 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് കഴിഞ്ഞ സാമ്പത്തികത്തിൽ രേഖപ്പെടുത്തിയത്. അറ്റാദായം മുൻ വർഷത്തേക്കാൾ നാലിരട്ടി വർദ്ധനവ് രേഖപ്പെടുത്തി 50.19 കോടി രൂപയായി. വായ്പാ ആസ്തി 37.44 ശതമാനം വളർച്ച രേഖപ്പെടുത്തി 6529.40 കോടി രൂപയിലെത്തി. കെ.എഫ്.സി.യുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സാമ്പത്തിക വർഷത്തിൽ 5000 കോടി രൂപയുടെ വായ്പാ ആസ്തി മറികടക്കുന്നത്. മൊത്ത നിഷ്ക്രിയ ആസ്മി 3.11 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 0.74 ശതമാനമായും കുറഞ്ഞു. 

2022-23 സാമ്പത്തിക വർഷത്തിൽ സംസ്ഥാന സർക്കാരിന്റെ 200 രൂപയുടെ ഓഹരി മൂലധനം ലഭിച്ചതോടെ കെ.എഫ്.സി.യുടെ മൂലധന പര്യാപ്തത അനുപാതം (CAR) കഴിഞ്ഞ വർഷത്തെ 22.41% ൽ നിന്ന് 25.58% ആയി മെച്ചപ്പെട്ടു. കെ.എഫ്.സി.യുടെ വായ്പാ തുക പതിനായിരം കോടി രൂപയായി ഉയർത്താനും കെഎഫ്സിയെ രാജ്യത്തെ ഏറ്റവും മികച്ച ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നാക്കി മാറ്റാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.” ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.

2022-23 സാമ്പത്തിക വർഷത്തിൽ, കെ.എഫ്.സി. പുതിയ വായ്പ പദ്ധതികൾ നടപ്പിലാക്കുകയും നിലവിലുള്ള പദ്ധതികൾ കൂടുതൽ മികച്ചതാക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിയുടെ (സിഎംഇഡിപി) ഉയർന്ന വായ്പാ പരിധി 200 ലക്ഷം രൂപയായി വർധിപ്പിച്ചതും, എംഎസ്എംഇകൾക്ക് 5% വാർഷിക പലിശയ്ക്ക് വായ്പ നൽകുന്നതും, കഴിഞ്ഞ വർഷത്തിൽ കൈക്കൊണ്ട ചില പ്രധാന നടപടികളിൽ ഉൾപ്പെടുന്നു. 5% വാർഷിക പലിശയ്ക്ക് 10 കോടി രൂപ വരെ വായ്പ നൽകുന്ന കാർഷികാധിഷ്ഠിത എംഎസ്എംഇ ലോൺ സ്കീം, സിറ്റി യൂണിയൻ ബാങ്കുമായി സഹകരിച്ച് കെ.എഫ്.സി. പ്രവർത്തന മൂലധന വായ്പ പദ്ധതിയുടെ തുടക്കം, ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്ക് സഹായം, ആഴക്കടൽ മത്സ്യബന്ധനയാനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതികൾ മുതലായവ ഇതിൽപ്പെടുന്നു.
 
“നിലവിലുള്ള ശാഖകളെ എംഎസ്എംഇ ക്രെഡിറ്റ് ശാഖകളാക്കി മാറ്റിക്കൊണ്ട് വലിയ വായ്പകൾ നൽകുന്നതിനായി പ്രത്യേക ക്രെഡിറ്റ് ശാഖകൾ ആരംഭിക്കാൻ കെ.എഫ്.സി. ഈ സാമ്പത്തിക വർഷം പദ്ധതിയിടുന്നു. വായ്പകൾ തിരിച്ചുപിടിക്കുന്നതിനായി പ്രത്യേക അസറ്റ് റിക്കവറി ശാഖകൾ ആരംഭിക്കും. ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്കും വിമുക്തഭടന്മാർക്കുള്ള വായ്പ പദ്ധതികൾക്കും കെ.എഫ്.സി. ആരംഭിക്കും”, കെ.എഫ്.സി. സിഎംഡി സഞ്ജയ് കൗൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *