കേരള – ഗൾഫ് യാത്രക്കപ്പൽ സ്വപ്നം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കേരള മാരിടൈം ബോർഡ്. സർവീസുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് അറിയാൻ താൽപര്യം പ്രകടിപ്പിച്ച 3 ഷിപ്പിങ് കമ്പനി പ്രതിനിധികൾ ഉൾപ്പെടെ വിവിധ ഏജൻസികളുടെ പ്രതിനിധികളുമായി മാരിടൈം ബോർഡ് അധികൃതർ കൂടിക്കാഴ്ച നടത്തി.
ഏപ്രിൽ 22 വരെയാണു താൽപര്യ പത്രം സമർപ്പിക്കാൻ സമയം. കൂടിക്കാഴ്ചയിൽ പങ്കെടുത്ത കമ്പനികൾ താൽപര്യ പത്രം സമർപ്പിക്കുമെന്ന പ്രതീക്ഷയിലാണു ബോർഡ്.
3 – 4 ദിവസം കൊണ്ടു ഗൾഫിൽ നിന്നു കേരളത്തിലെത്താൻ കഴിയുന്ന യാത്രക്കപ്പൽ സർവീസാണു സംസ്ഥാന സർക്കാരും മാരിടൈം ബോർഡും ആഗ്രഹിക്കുന്നതെന്നു ചെയർമാൻ എൻ.എസ്.പിള്ള പറഞ്ഞു.
പരമാവധി 25,000 രൂപയ്ക്കു പ്രവാസികൾക്കു നാട്ടിലെത്താൻ കഴിയുന്ന വിധത്തിലുള്ള കപ്പൽ സർവീസാണു ലക്ഷ്യം. 75 കിലോഗ്രാം ബാഗേജ് വരെ കൊണ്ടുവരാനും കഴിയണം. സർവീസ് നടത്താൻ താൽപര്യമുള്ള ഏതു ഷിപ്പിങ് കമ്പനിക്കും മാരിടൈം ബോർഡുമായി എപ്പോൾ വേണമെങ്കിലും ആശയവിനിമയം നടത്താം.’’ അദ്ദേഹം പറഞ്ഞു.