കേരളത്തിൽ ഡീസലിന് 2 രൂപ സെസ് വന്നതോടെ സാധനങ്ങൾക്കും വില കൂടുന്നു

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഡീസലിന് 2 രൂപ സെസ് വന്നതോടെ ആനുപാതികമായി സാധനങ്ങൾക്കും വില കയറുകയാണ്. ഇലക്ട്രോണിക് ഉൽപന്നങ്ങൾക്കും ടുവീലറുകൾക്കും മാത്രമല്ല പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും വില കൂടി. കൂട്ടാത്തവയ്ക്കും വർധന പ്രതീക്ഷിക്കുകയാണ് വിപണി. ലീറ്റർ ഡീസലിന് ശരാശരി 4 കിലോമീറ്റർ മൈലേജ് കിട്ടുന്ന ലോറിക്ക് 250 ലീറ്റർ ഡീസൽ അടിക്കുമ്പോൾ 2 രൂപ സെസ് നിരക്കിൽ 500 രൂപ അധികച്ചെലവാണ്. 

സാധനങ്ങൾ മുഴുവൻ തമിഴ്നാട്ടിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നും മറ്റും വരുന്നതിനാൽ ചരക്ക് കൂലി സ്വാഭാവികമായും കൂടി. മാത്രമല്ല നഗരങ്ങളിലെ മൊത്തക്കച്ചവടക്കാരിൽ നിന്ന് ഇടത്തരം പട്ടണത്തിലെ മൊത്തക്കച്ചവടക്കാരിലേക്കും അവരിൽ നിന്ന് പലവ്യഞ്ജന കടകളിലേക്കും സൂപ്പർമാർക്കറ്റുകളിലേക്കും ഉൽപന്നങ്ങൾ പിന്നെയും നീങ്ങാനുണ്ട്. മൂന്ന് തട്ടായി വരുന്ന ചരക്ക് നീക്കത്തിന് ഇന്ധനച്ചെലവ് അതനുസരിച്ച് കൂടുന്നു. മിക്ക ലോറിക്കാരും ചരക്ക് കൂലിയിൽ 5% വർധന വരുത്തി.

ഇന്ധനച്ചെലവ് കൂടുമ്പോൾ കിലോഗ്രാമിന് 2 രൂപ മുതൽ 10 രൂപ വരെ വർധന ഉൽപന്ന വിലയിൽ പ്രതിഫലിക്കും. സോപ്പ്, ടൂത്ത്പേസ്റ്റ് തുടങ്ങിയ എഫ്എംസിജി ഉൽപന്നങ്ങൾക്ക് എംആർപി ഉള്ളതിനാൽ ഇപ്പോൾ വർധന വന്നിട്ടില്ല. വിതരണക്കാരുടെ വരുമാനത്തിലാണ് ചരക്കുകൂലി വർധന ഇടിവുണ്ടാക്കുന്നത്. അവർ പരാതിപ്പെടുന്നതോടെ കമ്പനി നഷ്ടപരിഹാരം നൽകും. അടുത്തപടി ഉൽപന്നങ്ങളുടെ എംആർപിയിലെ വർധനയാണ്. ജൂലൈയിൽ തുടങ്ങുന്ന ത്രൈമാസത്തിൽ വില വർധന പ്രതീക്ഷിക്കാം. ഫ്രിജ്,ടിവി, എസി പോലുള്ള ഗൃഹോപകരണങ്ങൾക്കും ഇലക്ട്രോണിക് സാധനങ്ങൾക്കും ടുവീലറുകൾക്കും  5% വില വർധന ഉണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *