കേബിൾ ടിവി, ഡിടിഎച്ച് നിരക്ക് നിയന്ത്രണത്തിന് ട്രായ്,

കേബിൾ ടിവി, ഡിടിഎച്ച് നിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് വീണ്ടും ഭേദഗതിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). 2023 ഫെബ്രുവരി ഒന്നിന് മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. പൂർണതോതിൽ നടപ്പാക്കിയാൽ വിവിധ ചാനൽ പാക്കേജുകൾ എടുക്കുമ്പോൾ നിരക്ക് കുറയാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ചാനലുകൾ ഒരുമിച്ച് (ബൊക്കെ) എടുക്കുമ്പോൾ 45% വരെ ഇളവ് ലഭിക്കാം. നിലവിൽ 33% ഇളവ് നൽകാനേ ചട്ടമുള്ളൂ. 

ഉദാഹരണത്തിന് 10 രൂപയുടെ 5 ചാനലുകൾ അടങ്ങിയ ബൊക്കെയ്ക്ക് നിലവിൽ 16.5 രൂപയുടെ വരെ ഇളവ് ലഭിക്കാം. ഭേദഗതി നടപ്പായാൽ ഈ ഇളവ് 22.5 രൂപ വരെയാകാം. ബൊക്കെയിൽ ഉൾപ്പെടുത്താവുന്ന ചാനലിന്റെ നിരക്ക് 19 രൂപയാണെന്നും ട്രായ് വ്യക്തമാക്കി. മുൻപ് ഇത് 12 രൂപയായിരുന്നു. 12 രൂപയിൽ കൂടുതലുള്ള ചാനലുകൾ വ്യക്തിഗതമായി തിരഞ്ഞെടുക്കണമായിരുന്നു. ഈ നിരക്ക് 19 രൂപയാക്കി ഉയർത്തിയതോടെ ബൊക്കെയുടെ ഭാഗമായിത്തന്നെ ഉപയോക്താവിനു ലഭിക്കും. ഇതിന് 45% വരെ ഇളവും ലഭിക്കാമെന്നതിനാൽ മൊത്തത്തിലുള്ള നിരക്ക് കുറയാം

ചാനലുകളുടെ പേര്, സ്വഭാവം, ഭാഷ എന്നിവയിലടക്കം മാറ്റങ്ങളുണ്ടെങ്കിൽ ഡിസംബർ 16നകം ബ്രോ‍ഡ്കാസ്റ്റിങ് കമ്പനികൾ ട്രായിയെ അറിയിക്കുകയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും വേണം. ട്രായിയുടെ റിപ്പോർട്ട് വന്നതിന് പിന്നാലെ ചാനൽ കമ്പനികളുടെ ഓഹരിയിൽ മുന്നേറ്റമുണ്ടായി. സൺ നെറ്റ്‌വർക്കിന്റെയും സീ കമ്പനിയുടെയും ഓഹരികൾ മുന്നേറ്റം നടത്തി. ഡിഷ് ടിവിക്കും നേട്ടമാണ്.  

കേബിൾ ടിവി, ഡിടിഎച്ച് നിരക്കുകളുമായി ബന്ധപ്പെട്ട ട്രായിയുടെ പുതിയ നീക്കം ഉപയോക്താക്കൾക്കു കൂടുതൽ നേട്ടമാകും. കുറഞ്ഞ നിരക്കിൽ കൂടുതൽ ചാനലുകൾ ആസ്വദിക്കാൻ സാധിക്കുമെന്നതാണ് പ്രധാന ആകർഷണം. കേബിൾ ടിവി, ഡിടിഎച്ച് കമ്പനികൾക്കു കടിഞ്ഞാണിടാൻ ടെലികോം അതോറിറ്റി 2018 ഡിസംബറിൽ നടപ്പാക്കിയ നിർദേശങ്ങൾ നിരക്കുയരാൻ കാരണമായിരുന്നു. ഇതു പരാതി ഉയർത്തിയതോടെയാണു ട്രായിയുടെ ഇടപെടലുണ്ടായത്. 

Leave a Reply

Your email address will not be published. Required fields are marked *