കേന്ദ്ര ബജറ്റിൽ ആദായനികുതിയിൽ പ്രഖ്യാപിച്ച നികുതി ഇളവുകൾ

കേന്ദ്ര ബജറ്റിൽ ആദായനികുതിയിൽ പ്രഖ്യാപിച്ച നികുതി ഇളവുകൾ മധ്യവർഗത്തിന് ഏറെ ഗുണകരമാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. നികുതിയിളവു ലഭിക്കുന്ന പരിധി 5 ലക്ഷം രൂപയിൽ നിന്ന് ഏഴു ലക്ഷമാക്കി ഉയർത്തി. പഴയതും പുതിയതുമായ നികുതിഘടനയിലുള്ളവർക്ക് ഇത് മുൻപ് 5 ലക്ഷം രൂപയായിരുന്നു. പഴയ നികുതിഘടനയിലേക്ക് മാറാനുള്ള ഓപ്ഷൻ നൽകാത്ത എല്ലാവരും പുതിയ നികുതി ഘടനയിലേക്കു മാറുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ സൂചിപ്പിച്ചു.

പുതിയ സ്‌കീമിലേക്കു മാറുകയെന്നത് വ്യക്തിക്ക് മുൻപ് ഇച്ഛാനുസരണം ചെയ്യാവുന്ന കാര്യമായിരുന്നു. എന്നാല്‍ ഇനി മുതല്‍ പുതിയ സ്‌കീമായിരിക്കും നടപ്പാക്കുകയെന്നും പഴയ നികുതി നിര്‍ണയ സംവിധാനത്തിൽ തുടരേണ്ടവർ പ്രത്യേക ഓപ്ഷൻ നൽകണമെന്നുമാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ അറിയിച്ചത്. പുതിയ സ്‌കീമിലേക്ക് മാറുമ്പോള്‍ ഏഴു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് നികുതി അടയ്‌ക്കേണ്ടതില്ല. എന്നാല്‍ ഏഴു ലക്ഷത്തിനു മുകളില്‍ വരുമാനം ഉള്ളവര്‍ മൂന്നു ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിന് നികുതി അടയ്‌ക്കേണ്ടിവരുമെന്നതാണ് പുതിയ ഘടന സൂചിപ്പിക്കുന്നത്. പുതിയ സ്‌കീമില്‍ ലൈഫ് ഇന്‍ഷുറന്‍സ്, കെട്ടിടവാടക, ട്യൂഷന്‍ ഫീ തുടങ്ങിയവയ്‌ക്കൊന്നും ഇളവ് ഉണ്ടായിരിക്കില്ല. പുതിയ സ്കീമിലേക്കു മാറുന്ന ഇടത്തരക്കാർ ആദായനികുതി ഇളവിനായുള്ള നിക്ഷേപ സാധ്യതകൾക്കുപരിയായി പണം കൂടുതൽ വിനിയോഗിക്കുമെന്നത് പൊതുവിപണിയിൽ കൂടുതൽ പണമെത്താൻ സഹായിക്കുമെന്നും നികുതിരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പുതിയ ആദായനികുതി ഘടനപ്രകാരം മൂന്നു ലക്ഷം രൂപ വരെ ആദായനികുതി നൽകേണ്ടതില്ല. 

3 മുതൽ 6 ലക്ഷം രൂപ വരെ – അഞ്ചു ശതമാനം നികുതി. 

ആറു ലക്ഷം രൂപ മുതൽ 9 ലക്ഷം രൂപ വരെ – 10 ശതമാനം നികുതി. 

ഒൻപതു മുതൽ 12 ലക്ഷം രൂപ വരെ – 15 ശതമാനം നികുതി.

12 മുതൽ 15 ലക്ഷം വരെ – 20 ശതമാനം നികുതി. 

15 ലക്ഷത്തിനു മേൽ ആദായനികുതി 30 ശതമാനമായിരിക്കും

വിരമിക്കുമ്പോൾ ലീവ് എൻകാഷ്മെന്റിൽ സർക്കാരിതര മേഖലയിൽ മൂന്നു ലക്ഷമായിരുന്ന നികുതിയിളവു പരിധി 25 ലക്ഷമാക്കി ഉയർത്തുന്നതായും ധനമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *