കെ ഫോൺ വഴി വരുമാനമുണ്ടാക്കുന്നതിനു ബിസിനസ് മാതൃക

കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക് (കെ ഫോൺ) പദ്ധതി വഴി വരുമാനമുണ്ടാക്കുന്നതിനു ബിസിനസ് മാതൃക തയാറാക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി അഞ്ചംഗ സമിതിയെ സർക്കാർ ചുമതലപ്പെടുത്തി.

25000 കിലോമീറ്ററിലേറെ ദൂരം ഫൈബർ സ്ഥാപിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും ഉപയോഗിക്കാനാകാത്തതിനാൽ കോടിക്കണക്കിനു രൂപയുടെ വരുമാന നഷ്ടമാണു സർക്കാരിനുണ്ടാകുന്നത്. ഏതു ബിസിനസ് മാതൃക സ്വീകരിക്കണമെന്നതിൽ തീരുമാനത്തിലെത്താനാകാത്തതാണു കാരണം.

ഫൈബർ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വരുമാനം നേടുന്നതിനുള്ള ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ (ഐപി) ലൈസൻസ് ജൂലൈയിൽ കെ ഫോൺ സ്വന്തമാക്കിയിരുന്നു. 48 ഫൈബറുകളാണ് ആകെ സ്ഥാപിച്ചത്. വീടുകളിലേക്കും സർക്കാർ ഓഫിസുകളിലേക്കും കണക്‌ഷൻ നൽകിക്കഴിഞ്ഞ് 20 ഫൈബർ എങ്കിലും ബാക്കിവരും. ഇവ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാൻ പല സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളും തൽപരരാണ്. കെ ഫോണിനും അതുവഴി സർക്കാരിനും ഇതു വലിയ വരുമാന മാർഗമായി മാറും.

എന്നാൽ, ധനസമ്പാദന (മോണിറ്റൈസേഷൻ) മാതൃക ഏതു വേണമെന്ന് ഇനിയും സർക്കാർ നിശ്ചയിച്ചിട്ടില്ല. ഇന്റർനെറ്റ് വിതരണ ശൃംഖലയുടെ അറ്റകുറ്റപ്പണി, സർക്കാർ ഓഫിസുകളിലും ബിപിഎൽ കുടുംബങ്ങളിലും ഇന്റർനെറ്റ് നൽകുന്നതിനുള്ള ചെലവ് എന്നിവയ്ക്കായി കെ ഫോണിനു പണം വേണം. മോണിറ്റൈസേഷൻ ഏജൻസിയായി കെ ഫോൺ തന്നെ മാറിയാൽ ഇതെല്ലാം എളുപ്പമാണ്.  സംസ്ഥാനത്തെ 3 ഐടി പാർക്കുകളിലും 4 ഐടി ഇടനാഴികൾക്കു സമീപവും 5ജി ടെലികോം സൗകര്യമൊരുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തി‍ൽ വയർലെസ് വഴിയാണു 5ജി എത്തിക്കുകയെങ്കിലും ഇവിടെയും കെ ഫോണിന്റെ ഫൈബർ ഉപയോഗപ്പെടുത്താനാകും.

Leave a Reply

Your email address will not be published. Required fields are marked *