കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി.) സംസ്ഥാന സർക്കാരിന് 20.90 കോടി രൂപ ലാഭവിഹിതം കൈമാറി. ധനമന്ത്രി കെ.എൻ.ബാലഗോപാലിന്, കെ.എഫ്.സി. യുടെ സിഎംഡി സഞ്ജയ് കൗൾ ഐഎഎസ് ചെക്ക് കൈമാറി. കെ.എഫ്.സി. ഡയറക്ടർമാരായ ഇ.കെ.ഹരികുമാറും, അനിൽകുമാർ പരമേശ്വരനും കെ.എഫ്.സി. എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ.പ്രേംനാഥ് രവീന്ദ്രനാഥും ചടങ്ങിൽ പങ്കെടുത്തു.
കെ.എഫ്.സി.യുടെ ഓഹരി മൂലധനം 627 കോടി രൂപയാണ്. ഇതിൽ 99 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലാണുള്ളത്. SIDBI, SBI, LIC തുടങ്ങിയ സ്ഥാപനങ്ങളാണ് മറ്റ് ഓഹരി ഉടമകളിൽ ഉൾപ്പെടുന്നത്. 2023 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഒരു ഓഹരിക്ക് അഞ്ച് രൂപ വീതം ലാഭ വിഹിതം പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിന് കെ.എഫ്.സി. നൽകുന്ന ഏറ്റവും ഉയർന്ന ലാഭ വിഹിതമാണിത്.
2022-23 സാമ്പത്തിക വർഷത്തിൽ സംസ്ഥാന സർക്കാറിൽ നിന്നും 200 കോടി രൂപയുടെ ഓഹരി മൂലധനം ലഭിച്ചതോടെ കെ.എഫ്.സി.യുടെ മൂലധന പര്യാപ്തത അനുപാതം (CAR) 22.41 ശതമാനത്തിൽ നിന്ന് 25.58 ശതമാനം ആയി മെച്ചപ്പെട്ടു. ആർബിഐ നിർദ്ദേശിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ മൂലധന പര്യാപ്തത അനുപാതം 15 ശതമാനമാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിലവിലെ വായ്പാ ആസ്തിയെ വിപുലീകരിച്ച് പതിനായിരം കോടി രൂപയായി ഉയർത്താനാണ് കെഎഫ്സി ലക്ഷ്യമിടുന്നത്.