ഉപയോക്താക്കൾക്കുമേൽ നിരക്കുവർധന അടിച്ചേൽപിക്കുന്ന കെഎസ്ഇബി, കുടിശിക ഇനത്തിൽ പിരിച്ചെടുക്കാനുള്ളത് 3000 കോടിയോളം രൂപ. ഓരോ വർഷവും ഈ തുക കൂടിക്കൊണ്ടിരിക്കുന്നു.
ബോർഡിന്റെ തന്നെ കണക്കുകൾ പ്രകാരം 2022 സെപ്റ്റംബർ 31 വരെ വിവിധ വിഭാഗങ്ങളിൽനിന്നായി പിരിഞ്ഞുകിട്ടാനുള്ള വൈദ്യുതി ചാർജ് 2981.16 കോടിയാണ്. 2022 മാർച്ച് 31ലെ കണക്കിൽ കുടിശിക 2788.89 കോടിയായിരുന്നു. 6 മാസം കൊണ്ട് 192.27 കോടിയുടെ വർധന
ഈ തുക പിരിക്കാൻ നടപടിയെടുക്കാതെയാണ് നിരക്കുവർധനയ്ക്കായി ബോർഡ് മാസങ്ങൾക്കുമുൻപ് റഗുലേറ്ററി കമ്മിഷനിൽ അപേക്ഷ നൽകിയത്. തുടർച്ചയായി 5 വർഷത്തെ നിരക്കുവർധനയിലൂടെ 4100 കോടി രൂപയാണ് ലക്ഷ്യമിട്ടത്. റഗുലേറ്ററി കമ്മിഷൻ ഇതിന്റെ 60% അംഗീകരിച്ച് നിരക്കു കൂട്ടി. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളാണ് കുടിശികക്കാരുടെ പട്ടികയിൽ ഒന്നാമത്– 1319.78 കോടി രൂപ. സ്വകാര്യ സ്ഥാപനങ്ങളിൽനിന്നു കിട്ടാനുള്ളത് 1006.38 കോടി.
കോടതികളുടെ സ്റ്റേ ഉത്തരവു മൂലം കുടിശിക പിരിക്കാനാകുന്നില്ലെന്നാണ് കെഎസ്ഇബിയുടെ പതിവു വാദം. എന്നാൽ, സ്വകാര്യ ഉപയോക്താക്കളുടെ 1006.38 കോടിയിൽ 761 കോടിയും കേസിൽപെട്ടിട്ടില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ഗാർഹിക ഉപയോക്താക്കളിൽനിന്നു കിട്ടാനുള്ള 313.59 കോടിയിൽ 306 കോടിയും കേസിൽപെടാത്ത കുടിശികയാണ്.