കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ (ബിടിസി) ടൂർ പാക്കേജുകളെക്കുറിച്ചറിയാൻ കേന്ദ്രീകൃത സംവിധാനം വരുന്നു. വാട്സാപ് ചാറ്റ്ബോട്ട് 2 മാസത്തിനുള്ളിൽ പ്രവർത്തനസജ്ജമാകും. ഇതുവഴി, ബിടിസി ടൂർ പാക്കേജുകളെക്കുറിച്ചറിയാനും ടിക്കറ്റ് ബുക്ക് ചെയ്യാനും ഒരൊറ്റ നമ്പർ മതി. നിലവിൽ ഡിപ്പോകൾ കേന്ദ്രീകരിച്ചുള്ള ബിടിസി കോഓർഡിനേറ്റർ വഴിയാണു ടിക്കറ്റ് ബുക്ക് ചെയ്യുന്നത്.
കൂടാതെ, സഞ്ചാരികൾക്കു താമസം, ഭക്ഷണം, ടാക്സി സർവീസ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്ന ഓൺലൈൻ പോർട്ടലും ഒരുക്കും. ബിടിസി പാക്കേജ് തിരഞ്ഞെടുക്കുന്നവർക്കു മാത്രമല്ല, മറ്റു യാത്രക്കാർക്കും ഉപയോഗപ്പെടുത്താവുന്ന തരത്തിലാണു പോർട്ടൽ.
ബജറ്റ് ടൂറിസം സെല്ലിന്റെ അവധിക്കാല പാക്കേജുകൾ വഴി കെഎസ്ആർടിസിക്കു വരുമാനം 25 കോടി രൂപ. 4,25,950 യാത്രക്കാരാണു വേനലവധി ആഘോഷിക്കാൻ കെഎസ്ആർടിസിക്കൊപ്പം കൂടിയത്. 950 ടൂർ പാക്കേജുകളാണ് അവധിക്കാലത്തു മാത്രം ബിടിസി ഒരുക്കിയത്. ഇതിൽ ഏറ്റവും കൂടുതൽ ഷെഡ്യൂളുകൾ മൂന്നാറിലേക്കായിരുന്നു.