സോളാർ പദ്ധതികളുമായി SBI , കെഎഫ്ഡബ്ല്യുയുമായി 150 ദശലക്ഷം യൂറോയുടെ കരാർ

ജർമ്മൻ ഡെവലപ്മെന്റ് ബാങ്ക് കെഎഫ്ഡബ്ല്യുയുമായി ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ കരാർ ഒപ്പുവെച്ചു. 150 ദശലക്ഷം യൂറോയുടെ ഈ കരാർ വഴി സോളാർ പദ്ധതികൾക്ക് ധനസഹായം ചെയ്യാനാണ് എസ്ബിഐയുടെ ലക്ഷ്യമിടുന്നത്. .

ഇന്തോ-ജർമ്മൻ സോളാർ പങ്കാളിത്തത്തിന് ഭാഗമായുള്ള ദീർഘകാല വായ്പ വഴി സൗരോർജ്ജ മേഖലയിലെ പുതിയ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിലൂടെ രാജ്യത്തിന്റെ വളർച്ചയ്ക്ക് കൂടുതൽ സംഭാവന നല്കാൻ കഴിയുമെന്ന് എസ്ബിഐ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

വായ്പാ കരാറിന്റെ ഒന്നാം ഘട്ടമാണ് ഇപ്പോൾ വിജയകരമായി ഒപ്പുവെച്ചിരിക്കുന്നത്. ഇത് ഈ പദ്ധതിയുടെ രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നതിന് ശക്തിയേകുന്നതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടർമാരിൽ ഒരാളായ അശ്വിനി തിവാരി പറഞ്ഞു. ഇന്ത്യയുടെ ഊർജ്ജ രംഗത്തെ സ്വയംപര്യാപ്തതയെന്ന നിലവിലെ ലക്ഷ്യത്തിലേക്കുള്ള മുന്നോട്ട് പോക്കാണ് ഇതിലൂടെ സാധ്യമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സൗരോർജ്ജ മേഖലയിൽ സഹകരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ധാരണാപത്രത്തിൽ 2015 ലാണ് ഇന്ത്യയും ജർമ്മനിയും ഒപ്പുവെച്ചത്. ഇത് പ്രകാരം സാങ്കേതിക രംഗത്തും സാമ്പത്തിക രംഗത്തും സൗരോർജ്ജ സെക്ടറിൽ സഹകരണം തുടരും. കെഎഫ്ഡബ്ല്യു വഴി ഇന്ത്യയിലെ സൗരോർജ്ജ രംഗത്തെ ശക്തിപ്പെടുത്താൻ ഒരു ബില്യൺ യൂറോയുടെ കുറഞ്ഞ പലിശയിലുള്ള വായ്പകൾ നൽകുമെന്നാണ് ജർമ്മനി ഉറപ്പ് നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *