കൃഷി വകുപ്പ് ആരംഭിച്ച കേരള ഗ്രോ ഔട്‌ലെറ്റുകൾ, മില്ലറ്റ് കഫേകൾ എന്നിവയുടെ പ്രവർത്തനം വിപുലീകരിക്കാൻ തീരുമാനം. സംസ്ഥാനത്തെ വിവിധ ഫാമുകൾ, കൃഷിക്കൂട്ടങ്ങൾ, എഫ്പിഒകൾ, അഗ്രോ സർവീസ് സെന്ററുകൾ, എൻജിഒകൾ എന്നിവർ ഉൽപാദിപ്പിക്കുന്ന വിവിധ ഉൽപന്നങ്ങൾ മൂല്യവർധന നടത്തി കേരള ഗ്രോ ബ്രാൻഡിൽ ഗുണമേന്മ ഉറപ്പു വരുത്തിയാണ് ആവശ്യക്കാർക്ക് ലഭ്യമാക്കുന്നത് ഫാം ഫ്രഷ് പച്ചക്കറികളും പഴങ്ങളും ഈ കേന്ദ്രങ്ങൾ വഴി വിപണനം നടത്തും.
തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിൽ വിൽപനശാലകൾ ഇതിനകം പ്രവർത്തന സജ്ജമാണ്. മറ്റു ജില്ലകളിൽ അടുത്ത മാസം ആദ്യവാരത്തോടെ കേരള ഗ്രോ ഔട്‌ലെറ്റുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചു.
കേരളത്തിലെ കർഷകർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ കേരള ഗ്രോ ജൈവം, കേരള ഗ്രോ സുരക്ഷിതം എന്നീ വിഭാഗങ്ങളായിട്ടായിരിക്കും വിപണിയിലെത്തിക്കുക. വിവിധ തരം ചെറുധാന്യങ്ങളും അവയുടെ മൂല്യവർധിത ഉൽപന്നങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മില്ലറ്റ് കഫേ എല്ലാ ജില്ലകളിലും തുറന്ന് പ്രവർത്തിക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ അടുത്ത മാസവും മറ്റ് ജില്ലകളിൽ ഓഗസ്റ്റിലും മില്ലറ്റ് കഫേകൾ പ്രവർത്തനം ആരംഭിക്കും–മന്ത്രി പറഞ്ഞു.