കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എല്ലാവർക്കും എസിയിൽ യാത്ര ചെയ്യാൻ കഴിയുന്ന കെഎസ്ആർടിസിയുടെ ജനത ബസ് സർവീസ് തിങ്കളാഴ്ച തുടങ്ങും.
നിലവിലുള്ള എസി ലോ ഫ്ലോർ ബസുകളാണു പരീക്ഷണാർഥം ഒരു ജില്ലയിൽ നിന്നു തൊട്ടടുത്ത ജില്ലയിലേക്ക് സർവീസ് നടത്തുന്നത്. മിനിമം ചാർജ് 20 രൂപ. കിലോമീറ്ററിന് 108 പൈസ നിരക്ക്. സൂപ്പർ ഫാസ്റ്റിന് മിനിമം ചാർജ് 22 രൂപയാണ്. ഫാസ്റ്റ് പാസഞ്ചറിനും സൂപ്പർ ഫാസ്റ്റിനും ഇടയ്ക്കുള്ള നിരക്കാണിത്. ഫാസ്റ്റ് പാസഞ്ചറിന്റെ സ്റ്റോപ്പുകളെല്ലാം ജനത സർവീസിനുമുണ്ടാകും.
കെഎസ്ആർടിസിയുടെ പതിവുനിറം മാറിയാണ് ബസുകൾ രംഗത്തിറങ്ങുന്നത്. ഇൗ എസി ബസുകളിൽ യാത്രക്കാർ കാര്യമായി ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ എസി ബസുകൾ വാങ്ങുന്നത് പരിഗണിക്കാനാണു തീരുമാനം. ആദ്യം കൊല്ലം –തിരുവനന്തപുരം ജില്ലകളെ ബന്ധിച്ചാണ് സർവീസുകൾ.