കുട്ടികളുടെ ജീവിതം സ്ഥിരതയും സുരക്ഷിതത്വവും ഉള്ളതാക്കുവാനാണ് രക്ഷിതാക്കളുടെ ശ്രദ്ധ. താങ്ങാവുന്നതില്‍ ഏറ്റവും മികച്ചത് തന്നെ കുട്ടികള്‍ക്ക് നല്‍കും. ഇന്നത്തെ കാലത്ത് കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ചെറിയ അസുഖങ്ങൾ പോലും മാതാപിതാക്കളെ ആശങ്കയിലാഴ്ത്തുമ്പോൾ പ്രത്യേകിച്ചും.
കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ഭാവിയിലെ മറ്റേതെങ്കിലും പ്രധാന ചെലവുകള്‍ എന്നിവയ്ക്കായി കാലക്രമേണ പണം സ്വരൂപിക്കാന്‍ മാതാപിതാക്കളെ അനുവദിക്കുന്ന സേവിങ്സ് അക്കൗണ്ട് പോലെയും ചില ചൈല്‍ഡ് ഇന്‍ഷുറന്‍സ് പോളിസികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കുട്ടിയുടെ പ്രായം, ആരോഗ്യം, തിരഞ്ഞെടുത്ത പോളിസി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി കുട്ടികളുടെ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ക്കടക്കേണ്ട പ്രീമിയവും ഇന്‍ഷുറന്‍സ് തുകയും വ്യത്യാസപ്പെടാം.
ചില ഇന്‍ഷുറന്‍സ് പ്ലാനുകള്‍ പരിചയപ്പെടാം
ചൈല്‍ഡ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്: കുട്ടിയ്ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്ങ്ങളോ അപകടമോ ഉണ്ടായാല്‍ ചികിത്സാ ചെലവിനായി രക്ഷനേടാനാണ് ചൈല്‍ഡ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി. ആശുപത്രി, മരുന്നുകള്‍, മറ്റ് അനുബന്ധ സേവനങ്ങള്‍ എന്നിവയ്ക്കുള്ള ചെലവുകള്‍ ഈ ഇന്‍ഷുറന്‍സില്‍ ഉള്‍ക്കൊള്ളുന്നുണ്ട്.
ചൈല്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ്: ചൈല്‍ഡ് ലൈഫ് ഇന്‍ഷുറന്‍സുകള്‍ പോളിസി ഇന്‍ഷുറന്‍സ് കൂടാതെ നിക്ഷേപവും അനുവദിക്കുന്നുണ്ട്. മാതാപിതാക്കള്‍ക്ക് ചെറിയ പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാം. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കിട്ടുന്ന തുക കുട്ടിയുടെ വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ തുടങ്ങി മറ്റു ചെലവുകള്‍ക്കായും ഉപയോഗിക്കാം.
വിദ്യാഭ്യാസ ഇന്‍ഷുറന്‍സ്: കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പോളിസിയാണിത്. പോളിസി കാലാവധി തീരുമ്പോള്‍ കിട്ടുന്ന തുക കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് വിനിയോഗിക്കാവുന്നതാണ്.
ക്രിട്ടിക്കല്‍ ഇല്‍നെസ് ഇന്‍ഷുറന്‍സ്: എന്തെങ്കിലും ഗുരുതരമായ അസുഖം ഉണ്ടെന്ന് കണ്ടെത്തിയാല്‍ ഉണ്ടാകുന്ന ചെലവുകള്‍ക്കായി ഈ പോളിസി സഹായകമാകും. ഒറ്റത്തവണയാണ് ഈ പോളിസിയില്‍ നിന്ന് തുക ലഭിക്കുക.
ആക്സിഡന്റ് ഇന്‍ഷുറന്‍സ് കുഞ്ഞുങ്ങൾക്ക് അപകടങ്ങളില്‍ വൈകല്യമുണ്ടായാൽ ഈ പോളിസി സാമ്പത്തിക പരിരക്ഷ നല്‍കുന്നു. ചികിത്സാ ചെലവുകള്‍, പുനരധിവാസ ചെലവുകള്‍, ലോസ്റ്റ് ഇന്‍കം എന്നിവയ്ക്ക് ഈ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാവുന്നതാണ്.