കാർഷിക അഭിവൃദ്ധി ഫണ്ട് എങ്ങനെ കൈകാര്യം ചെയ്യണമെന്നു റിപ്പോർട്ട് നൽകാൻ റവന്യു വകുപ്പ് കമ്മിറ്റി രൂപീകരിച്ചു

ഭൂമി തരംമാറ്റം ചെയ്ത ഇനത്തിൽ ലഭിച്ച വരുമാനത്തിൽ നിന്നു കാർഷിക അഭിവൃദ്ധി ഫണ്ട് രൂപീകരിച്ച് അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നു റിപ്പോർട്ട് നൽകാൻ കേരള റവന്യു വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ചെയർമാനായും കാർഷികോൽപാദന കമ്മിഷണർ കോ ചെയർമാനായും കമ്മിറ്റി രൂപീകരിച്ചു.

ഭൂമി തരം മാറ്റുന്ന ഫീസ് ഇനത്തിൽ ഉൾപ്പെടെ ലഭിക്കുന്ന തുക ഉപയോഗിച്ച് കാർഷിക അഭിവൃദ്ധി ഫണ്ട് രൂപീകരണത്തിന് നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ വ്യവസ്ഥ ഉണ്ടെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു.

ഭൂമി തരം മാറ്റം വഴി ഇതു വരെ 900 കോടിയോളം രൂപയാണു വരുമാനം. തരംമാറ്റ നടപടികൾക്കുള്ള അതിവേഗ പദ്ധതിക്കായി അധിക ജീവനക്കാരെ നിയോഗിക്കാനും വാഹനങ്ങൾ വാടകയ്ക്കെടുക്കാനും മറ്റും 20 കോടിയോളം രൂപ ചെലവിട്ടു. മറ്റു ചെലവുകളൊന്നും സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഭൂമി തരം മാറ്റം വഴി ലഭിച്ച വരുമാനത്തിൽ നിന്നു തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതി ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അജൻഡ നേരത്തേ മന്ത്രിസഭായോഗത്തിൽ വന്നെങ്കിലും റവന്യു മന്ത്രി എതിർത്തതിനാൽ ചർച്ചയ്ക്കെടുത്തില്ല. ഇതിനിടെയാണ് കാർഷിക അഭിവൃദ്ധി ഫണ്ട് വിഷയം ഹർജിയിലൂടെ ഹൈക്കോടതിയുടെ ശ്രദ്ധയിൽ എത്തിയത്. നെൽവയലുകളോ തണ്ണീർത്തടങ്ങളോ നിയമവിരുദ്ധമായി നികത്തിയാൽ റവന്യു ഉദ്യോഗസ്ഥർ സ്റ്റോപ്പ് മെമ്മോ നൽകാൻ നിയമം അനുശാസിക്കുന്നു. തുടർന്ന് ഇതു പൂർവസ്ഥിതിയിലാക്കാൻ ഭൂവുടമയോട് നിർദേശിക്കണം. അവർ അതു നിർവഹിച്ചില്ലെങ്കിൽ ഇവ പൂർവസ്ഥിതിയിലാക്കുന്നത് റവന്യു വകുപ്പിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ, ഇതിനൊന്നും നിലവിൽ ഫണ്ട് ഇല്ല. കാർഷിക അഭിവൃദ്ധി ഫണ്ട് ഇത്തരം കാര്യങ്ങൾക്കും ഉപയോഗിക്കാം

Leave a Reply

Your email address will not be published. Required fields are marked *