കള്ളപ്പണ ഇടപാട്-ഇനി പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയിൽ നിയന്ത്രണങ്ങള്‍

ജനപ്രിയ നിക്ഷേപ മാര്‍ഗമായ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയിൽ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ് കേന്ദ്രം. ഇനിമുതല്‍ 10 ലക്ഷം രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങളുടെ ശ്രോതസ്സ് കാണിക്കേണ്ടി വരും. എല്ലാത്തരം നിക്ഷേപങ്ങള്‍ക്കും കെവൈസി നിബന്ധനകളും കര്‍ശനമാക്കിയിട്ടുണ്ട്. നിക്ഷേപ പദ്ധതി കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദം തുടങ്ങിയവയ്ക്ക് ഉപയോഗിക്കാതിരിക്കാനാണ് നീക്കം.

നിക്ഷേപകരെ ലോ-റിസ്‌ക്, മീഡിയം- റിസ്‌ക്, ഹൈ-റിസ്‌ക് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍. 50000 രൂപവരെ നിക്ഷേപം നടത്തുന്നവരാണ് ലോ-റിസ്‌ക് വിഭാഗത്തില്‍ വരുന്നത്. മീഡിയം റിസ്‌ക് വിഭാഗത്തില്‍ വരുന്നത് 50,000-10 ലക്ഷം രൂപവരെ നിക്ഷേപിക്കുന്നവരാണ്. 10 ലക്ഷത്തിന് മുകളില്‍ നിക്ഷേമുള്ളവരെയാണ് ഹൈ-റിസ്‌ക് വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍, മിലിട്ടറി ഉദ്യോഗസ്ഥര്‍, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഹൈ റിസ്‌ക് വിഭാഗത്തില്‍ വരും. ഹൈ- റിസ്‌ക് വിഭാഗത്തിലുള്ളവര്‍ രണ്ടു വര്‍ഷം കൂടുമ്പോള്‍ കെവൈസി പുതുക്കണം. മീഡിയം-റിസ്‌ക് വിഭാഗം 5 വര്‍ഷം കൂടുമ്പോഴും ലോ-റിസ്‌ക് വിഭാഗം 7 വര്‍ഷം കുടുമ്പോഴുമാണ് കെവൈസി പുതുക്കേണ്ടത്.

ഉയര്‍ന്ന തുക നിക്ഷേപിക്കുന്നവരെയാണ് പുതിയ നിബന്ധനകള്‍ ബാധിക്കുക. പണം ലഭിച്ച വഴി കൃത്യമായി കാണിച്ചാല്‍ മാത്രമേ ഇനി നിക്ഷേപം നടത്താന്‍ സാധിക്കു. ബാങ്ക് സ്റ്റേറ്റ്‌മെന്റ്, 3 വര്‍ഷത്തെ ആദായ നികുതി രേഖകള്‍, വില്‍പ്പന രേഖകള്‍, പിന്തുടര്‍ച്ചാവകാശ രേഖകള്‍ തുടങ്ങിയവ സ്രോതസ്സ് കാണിക്കാനായി ഉപയോഗിക്കാം.വിവിധ വിഭാഗങ്ങളിലായി 4 ശതമാനം മുതല്‍ പലിശ ലഭിക്കുന്ന നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസുകള്‍ നല്‍കുന്നത്. 5 വര്‍ഷ കാലാവധിയുള്ള നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റിന് 7.7 ശതമാനം ആണ് പലിശ. സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമിന് ലഭിക്കുന്ന പലിശ 8.2 ശതമാനം ആണ്.

Leave a Reply

Your email address will not be published. Required fields are marked *