അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം നേരിടുന്നതിന്റെ ഭാഗമായി, കരിഞ്ചന്തയും പൂഴ്ത്തിവയ്പും കണ്ടെത്താൻ ജില്ലകളിൽ കലക്ടർമാരും താലൂക്ക് തലങ്ങളിൽ സിവിൽ സപ്ലൈസ് വകുപ്പ്, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ ചേർന്നും നേതൃത്വം നൽകുന്ന സംഘങ്ങൾ പരിശോധന നടത്തും.
മന്ത്രി ജി.ആർ.അനിൽ ഓൺലൈനായി വിളിച്ചുകൂട്ടിയ കലക്ടർമാരുടെയും, ജില്ലാ സപ്ലൈ ഓഫിസർമാരുടെയും ലീഗൽ മെട്രോളജി കൺട്രോളറുടെയും യോഗത്തിലാണു തീരുമാനം.
വില നിലവാരം കൃത്യമായി പ്രദർശിപ്പിക്കാത്ത കടകൾക്കെതിരെ ശക്തമായ നടപടികളെടുക്കും. എല്ലാ ആഴ്ചയും വില നിലവാരം സംബന്ധിച്ച റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കണമെന്നും ഭക്ഷ്യ ഉൽപന്നങ്ങളുടെ ലഭ്യത യഥേഷ്ടം ഉറപ്പാക്കണമെന്നും താലൂക്കുതലങ്ങളിൽ കൃത്യമായ അവലോകനം നടത്തണമെന്നും മന്ത്രി നിർദേശിച്ചു.