വിമാനമാർഗം ഉള്ള ചരക്കു കയറ്റുമതിക്കു 18% ജിഎസ്ടി ഏർപ്പെടുത്തിയതോടെ കേരളത്തിലെ പഴം-പച്ചക്കറി കയറ്റുമതി വ്യവസായികൾക്കു പ്രതിവർഷം നേരിടേണ്ടിവരുന്നത് ഏകദേശം 116 കോടി രൂപയുടെ അധികച്ചെലവ്.
ഗൾഫ് രാജ്യങ്ങളിലേക്ക് ഒരു ടൺ പച്ചക്കറി വിമാനമാർഗം അയയ്ക്കുന്നതിന് 16,200 രൂപയാണ് ജിഎസ്ടി. പ്രതിമാസം വിമാനം കയറുന്നത് ഏകദേശം 6000 ടൺ വർഷം 72,000 ടണ്ണും. യൂറോപ്പിലേക്കും കേരളത്തിൽ നിന്നു പഴങ്ങളും പച്ചക്കറിയും കുറഞ്ഞതോതിൽ കയറ്റുമതി ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് ജർമനി പോലുള്ള രാജ്യങ്ങളിലേക്ക്. ജിഎസ്ടി വന്നതോടെ യൂറോപ്പിലേക്ക് ഒരു ടൺ പച്ചക്കറി കയറ്റുമതി ചെയ്യുന്നതിന് ഏകദേശം 41,400 രൂപയാണ് അധിക ചെലവ്.
ജിഎസ്ടി അധിക ചിലവു മൂലം ഗൾഫ്, യൂറോപ്യൻ വിപണികളിൽ ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങളുടെ വില ഉയരും. സ്വാഭാവികമായും കുറഞ്ഞവിലയിൽ മറ്റു രാജ്യങ്ങളിൽ നിന്നു ലഭിക്കുന്ന ഉൽപ്പന്നങ്ങളിലേക്ക് അവർ തിരിയും. ശ്രീലങ്ക, തായ്‌ലൻഡ്, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളാണ് കുറഞ്ഞവിലയിൽ ഗൾഫിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നത്. തേങ്ങ ശ്രീലങ്കയിൽ നിന്നും പഴങ്ങൾ ഫിലിപ്പീൻസിൽ നിന്നും എത്തുന്നതു വലിയ വെല്ലുവിളിയാണ്.
കയറ്റുമതി കുറഞ്ഞാൽ രാജ്യത്തിനു നഷ്ടമാകുന്നത് കോടികളുടെ വിദേശ നാണ്യമാണ്.
കേരളത്തിലേയും തമിഴ്നാട്ടിലേയും കാർഷിക വിപണികളിൽ നിന്നാണ് കേരളത്തിലെ കയറ്റുമതിക്കാർ ഉൽപ്പന്നങ്ങൾ സംഭരിക്കുന്നത്; 70% തമിഴ്നാട്ടിൽനിന്ന്.വിദേശത്ത് ഇന്ത്യൻ കാർഷിക ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞാൽ ദുരിതത്തിലാക്കുന്നത് ദക്ഷിണേന്ത്യയിലെ കർഷകർ കൂടിയാണ്.
സമുദ്ര മാർഗമുള്ള കയറ്റുമതിക്കു 5% ജിഎസ്ടി ആണ് നൽകേണ്ടത്. കൂടുതൽ കയറ്റുമതിയും നടക്കുന്നത് കടൽവഴി ആയതിനാൽ എല്ലാ വിഭാഗം കയറ്റുമതിക്കാരും അധികച്ചെലവു ചുമക്കേണ്ടി വരും. ജിഎസ്ടി പിൻവലിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര ധന,വാണിജ്യ മന്ത്രാലയങ്ങളെ വാണിജ്യ സംഘടനകൾ ആശങ്ക അറിയിച്ചെങ്കിലും സർക്കാർ പ്രതികരിച്ചിട്ടില്ല.