വിപണിയിൽ എത്ര മുന്നിലായാലും നിരന്തരം നവീകരിക്കാതെ കമ്പനികൾക്ക് നിലനിൽപ്പ് ഇല്ലെന്ന് കോഗ്നിസെന്റ് ഇന്ത്യ സിഎംഡി രാജേഷ് നമ്പ്യാർ. സാങ്കേതിക വിദ്യകളും ഉപഭോക്തൃ ശീലങ്ങളും വളരെ വേഗം മാറുന്ന സാഹചര്യത്തിൽ കമ്പനികൾ മത്സരത്തിലെ മുന്നേറ്റം നില നിർത്തിയില്ലെങ്കിൽ നശിച്ചുപോകും.ദ് ഇൻഡസ് ഒൻട്രപ്രനർ (ടൈ) കേരളയുടെ സമ്മേളനത്തിൽ ‘ വിജയത്തിന് സ്വയം നവീകരണം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നൂറ്റാണ്ടിൽ ഫോർച്യൂൺ 500 ലിസ്റ്റിൽ പെട്ട കമ്പനികളിൽ 88% നാമാവശേഷമായി. 12% മാത്രമാണ് കാലത്തെ അതിജീവിച്ചത്. കൊഡാക് ഫിലിം കമ്പനിയും ബ്ലാക്ബെറിയും നോക്കിയയും മത്സരത്തിൽ മുന്നേറ്റം നിലനിർത്താനാവാതെ ദുർബലമായിപ്പോയ കമ്പനികൾക്ക് ഉദാഹരണങ്ങളാണെന്ന് രാജേഷ് നമ്പ്യാർ പറഞ്ഞു.
മുൻപ് കാര്യക്ഷമതയ്ക്കായിരുന്നു കമ്പനികൾ പ്രാധാന്യം നൽകിയിരുന്നതെങ്കിൽ ഇന്ന് അതിജീവനത്തിനാണു പ്രാധാന്യം. കോവിഡ് വന്നപ്പോൾ ലഭിച്ച പാഠമാണിത്. ചൈനയിലെ നിർമാണ സൗകര്യങ്ങൾ സ്വന്തം നാട്ടിലേക്കു മാറ്റുന്നതും ഇതിന്റെ ഭാഗമാണ്. കുടുംബ ബിസിനസുകൾ ലോകമാകെ വിജയകരമായി നടക്കുന്നത് കുടുംബാംഗങ്ങളുടെ മാത്രം പ്രവർത്തനം കൊണ്ടല്ല.
എല്ലാ നൈപുണ്യങ്ങളുമുള്ളവർ കുടുംബത്തിൽ ഉണ്ടാകണമെന്നില്ല. പ്രഫഷനലുകളെ കമ്പനി നേതൃത്വം ഏൽപ്പിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.കെഫ് ഹോൾഡിങ്സ് ചെയർമാൻ ഫൈസൽ കോട്ടിക്കൊളോൺ ടൂറിസം നവീകരണത്തെക്കുറിച്ചു പ്രഭാഷണം നടത്തി. ടൈ കേരള പ്രസിഡന്റ് അനിഷ ചെറിയാൻ അധ്യക്ഷത വഹിച്ചു.
ചെയർമാൻ ദാമോദർ അവനൂർ, സാജു തോമസ്,ദീപക് അസ്വാനി തുടങ്ങിയവർ പ്രസംഗിച്ചു.മുൻ യൂണിയൻ ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ പാനൽ ചർച്ചയ്ക്ക് നേതൃത്വം നൽകി. എം.എസ്.എ.കുമാർ,രവി നാരായൻ,സി.പത്മകുമാർ എന്നിവർ പങ്കെടുത്തു. ടൈ ഗ്ലോബൽ ബോർഡ് ചെയർമാൻ ബി.ജെ.അരുൺ മുൻ ഭാരവാഹികളെ ആദരിച്ചു.