തെന്നിന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ ഹാസന്‍- ഷങ്കര്‍ കൂട്ടുകെട്ടിന്‍റെ ഇന്ത്യന്‍ 2. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ്.
2018ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഇടയ്ക്ക് പ്രതിസന്ധികള്‍ വന്നെങ്കിലും പിന്നീട് വിക്രത്തിന്‍റെ വിജയത്തിന് ശേഷം വീണ്ടും ആരംഭിക്കുകയായിരുന്നു. 1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയതിനൊപ്പം ബോക്‌സ്ഓഫീസിലും വന്‍ വിജയം നേടിയ ചിത്രമാണ്. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്‌രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കമലിനെ ദേശീയ അവാര്‍ഡും തേടിയെത്തിയിരുന്നു.
ഇപ്പോള്‍ ചിത്രത്തിന്‍റെ ഡബ്ബിംഗ് പുരോഗമിക്കുന്നു എന്ന അപ്ഡേറ്റാണ് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് ചിത്രത്തിലെ നായകനായ കമല്‍ ഹാസന്‍ ഡബ്ബിംഗ് നടത്തുന്ന ദൃശ്യങ്ങള്‍ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് പുറത്തുവിട്ടിട്ടുണ്ട്. സംവിധായകന്‍ ഷങ്കറും ദൃശ്യങ്ങളിലുണ്ട്. അനിരുദ്ധാണ് ഇന്ത്യന്‍ 2വിന് സംഗീതം നല്‍കുന്നത്.
റെക്കോഡ് തുകയ്ക്കാണ് ഇന്ത്യന്‍ 2 ഒടിടി അവകാശം വിറ്റുപോയത് എന്നാണ് നേരത്തെ വന്ന വിവരം. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് ആണ് ഇന്ത്യന്‍ 2 ന്‍റെ ഒടിടി അവകാശം നേടിയിരിക്കുന്നതെന്ന് എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ് സൈറ്റ് ആയ കൊയ്മൊയ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അവര്‍ അടക്കമുള്ള പല ഇംഗ്ലീഷ് മാധ്യമങ്ങളിലും വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 200 കോടിയാണ് ഡിജിറ്റല്‍ റൈറ്റ്സ് വിറ്റ വകയില്‍ ഇന്ത്യന്‍ 2 ന് ലഭിച്ചിരിക്കുന്ന തുക. ഒരു തമിഴ് ചിത്രത്തെ സംബന്ധിച്ച് വലിയ തുകയാണ് ഇതെന്നാണ് വിവരം.