കണ്ടെയ്നർ കൈകാര്യ ശേഷി വർധിപ്പിക്കാൻ നടപടി തുടങ്ങി വല്ലാർപാടം ടെർമിനൽ

കൂടുതൽ ക്രെയിനുകൾ സ്ഥാപിച്ചു കണ്ടെയ്നർ കൈകാര്യ ശേഷി വർധിപ്പിക്കാൻ നടപടി തുടങ്ങിയിരിക്കുകയാണ് പ്രതിവർഷം ശരാശരി 7 – 7.5 ലക്ഷം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്ന വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ.

നിർമാണം പുരോഗമിക്കുന്ന പുതിയ ഫ്രീ ട്രേഡ് വെയർഹൗസിങ് സോൺ അടുത്ത വർഷം സജ്ജമാകുന്നതും വല്ലാർപാടം ടെർമിനൽ കേന്ദ്രീകരിച്ചുള്ള വാണിജ്യ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടും എന്നാണു ടെർമിനൽ ഓപ്പറേറ്റർമാരായ ഡിപി വേൾഡിന്റെ പ്രതീക്ഷ. 10 ലക്ഷം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ടെർമിനൽ ശേഷിയുടെ 75% വിനിയോഗിക്കുന്ന പശ്ചാത്തലത്തിലാണ് അടുത്ത ഘട്ടം വികസനത്തിലേക്കു കടന്നത്.

കാർബൺ മുക്ത ടെർമിനൽ

ടെർമിനൽ വികസനത്തിന്റെ ഭാഗമായി 4 പുതിയ ഇലക്ട്രിക് ആർടിജി (റബർ ടയർഡ് ഗാൻട്രി) ക്രെയിനുകൾ എത്തിച്ചു. ഇലക്ട്രിക് ക്രെയിനുകൾ ആയതിനാൽ 2030ന് അകം കാർബൺ ഡയോക്സൈഡ് പുറന്തള്ളൽ 28% കുറയ്ക്കുകയെന്ന ഡിപി വേൾഡിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാനും സാധിക്കും. ഇവയ്ക്കു പുറമേ ഡിസംബറിൽ രണ്ട് അത്യാധുനിക എസ് ടി എസ് (ഷിപ്പ് – ടു – ഷോർ) മെഗാ മാക്സ് ക്രെയിനുകളും എത്തും. നിലവിലെ ആർടിജികളുടെ സമ്പൂർണ വൈദ്യുതീകരണത്തിനും നടപടിയുണ്ട്. പരിസ്ഥിതി സുസ്ഥിരതയോടെ ബിസിനസ് എന്ന ഡിപി വേൾഡിന്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പു കൂടിയാകും ഇത്.

Leave a Reply

Your email address will not be published. Required fields are marked *