കടുത്ത സാമ്പത്തിക പ്രതിസന്ധി ; ചെലവ് ചുരുക്കാൻ ധനവകുപ്പിന്റെ നിർദ്ദേശം

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കാൻ ധനവകുപ്പിന്റെ നിർദ്ദേശം. സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും അർധ സർക്കാർ സ്ഥാപനങ്ങളും ചെലവ് ചുരുക്കണമെന്നാണ് ധനവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

സെമിനാറുകൾ, ശിൽപ്പശാലകൾ, പരിശീലന പരിപാടികൾ എന്നിവയ്ക്ക് പഞ്ച നക്ഷത്ര ഹോട്ടലുകൾ വേണ്ടെന്നും പകരം വകുപ്പിലെ മറ്റ് സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിർദ്ദേശം ലംഘിച്ചാൽ ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്ന് പലിശ സഹിതം പണം തിരികെ പിടിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാന സർക്കാർ കടന്നുപോകുന്നത്. ട്രഷറി നിയന്ത്രണം കടുപ്പിച്ച സർക്കാർ, 5  ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറിയെടുക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി തേടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഇത് പത്ത് ലക്ഷം രൂപയായിരുന്നു. ഓണക്കാല ചെലവുകൾക്കുള്ള പണം ട്രഷറിയിൽ ഉണ്ടെന്ന് ഉറപ്പിക്കാനാണ് നിയന്ത്രണമെന്നാണ് ധനവകുപ്പ് വിശദീകരണം. 

സംസ്ഥാനത്ത് മോശം സാമ്പത്തിക സ്ഥിതിയാണെന്ന് ധനമന്ത്രി കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞിരുന്നു. സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വിവിധ ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കും പെൻഷൻകാർക്കുമെല്ലാം ബോണസും ഉത്സവ ബത്തയും പ്രഖ്യാപിച്ചിരുന്നു. തൊഴിലുറപ്പ് തൊഴിലാളികൾക്കും പണം നൽകി. പുറമെ സംസ്ഥാനത്തെ വിവിധ ക്ഷേമപെൻഷനുകൾ കുടിശികയായിരുന്നതിൽ നിന്ന് രണ്ട് മാസത്തെ പണം ഓണത്തോട് അനുബന്ധിച്ച് നൽകുകയും ചെയ്തിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *