സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് ഉറപ്പാക്കുന്ന ധന ഉത്തരവാദിത്ത നിയമത്തിൽ കടബാധ്യത സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ഡിപി) 29% കവിയരുതെന്നു നിർദേശിക്കുമ്പോൾ കേരളം 39.1 ശതമാനത്തിൽ എത്തുന്നതായി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ട് വിലയിരുത്തി. കേരളത്തിന്റെ പൊതുകടം ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയിൽ തുടരുന്നതായി റിസർവ് ബാങ്കിന്റെ പഠന റിപ്പോർട്ടിലെ കണക്ക്.
എല്ലാ സംസ്ഥാനങ്ങളുടെയും ബജറ്റ് രേഖകളെ അടിസ്ഥാനമാക്കിയാണ് ഇൗ പഠനം. സംസ്ഥാനത്തിന്റെ ആകെ കടം 3.32 ലക്ഷം കോടിയെന്നായിരുന്നു കഴിഞ്ഞ ജൂണിൽ സർക്കാർ നിയമസഭയിൽ പറഞ്ഞ കണക്ക്. എന്നാൽ, ഇത് 3.90 ലക്ഷം കോടിയായി ഉയർന്നെന്നും റിപ്പോർട്ടിൽ ആർബിഐ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ ആകെ കടം ഭദ്രമായ നിലയിലാണോ എന്നു വിലയിരുത്തുന്നത് കടം ജിഎസ്ഡിപിയുടെ നിശ്ചിത ശതമാനം കടന്നോ എന്നു നോക്കിയാണ്. എഫ്ആർബിഎം ആക്ടിൽ ആകെ കടം ജിഎസ്ഡിപിയുടെ 29% കവിയരുതെന്നു നിഷ്കർഷിക്കുമ്പോൾ, 2018ൽ ഇൗ നിയമം പരിഷ്കരിക്കുന്നതിനായി നിയോഗിച്ച എൻ.കെ.സിങ് സമിതി നിർദേശിച്ചത് 20 ശതമാനത്തിൽ താഴെ നിലനിർത്തണമെന്നാണ്. ഇതനുസരിച്ചു നോക്കുമ്പോൾ കേരളം ഇൗ പരിധിയുടെ ഇരട്ടിയോളം കടഭാരത്തിലാണിപ്പോൾ.
കഴിഞ്ഞ 18 വർഷത്തെ കണക്കെടുക്കുമ്പോൾ 2012 മുതൽ 2016 വരെയാണ് സംസ്ഥാനം അൽപമെങ്കിലും ആശ്വാസകരമായ നിലയിലെത്തിയത്. ഇൗ 5 വർഷവും 30 ശതമാനത്തിൽ താഴെയായിരുന്നു കേരളത്തിന്റെ കടം. 2012ൽ ഇത് 26 ശതമാനം വരെതാഴുകയും ചെയ്തു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കടഭാരത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതും കേരളം തന്നെ. തമിഴ്നാട് 32% കർണാടക 23.4%, ആന്ധ്ര 33%, പുതുച്ചേരി 32.2%, തെലങ്കാന 28.2% എന്നിങ്ങനെയാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കടഭാരം.