വസ്തുതകൾ മറച്ചുവച്ച് കേരളം വലിയ കടക്കെണിയിലാണെന്നു ചിലർ കുപ്രചാരണം നടത്തുന്നെന്നും കടം വർധിക്കുന്നതിനെക്കാൾ ഉയർന്ന തോതിൽ കേരളത്തിന്റെ വരുമാനം വർധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാന ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിച്ചതിന്റെ ഒൗദ്യോഗിക പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 20 വർഷംകൊണ്ടു കേരളത്തിന്റെ കടം 13 ഇരട്ടിയായെന്നാണു പ്രചാരണമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ, 20 വർഷം മുൻപ് 63,000 കോടി രൂപയായിരുന്ന സംസ്ഥാന ആഭ്യന്തര വരുമാനം ഇന്നു 10 ലക്ഷം കോടി രൂപയിലധികമായി. വർധന 16 ഇരട്ടി.
20 വർഷം മുൻപ് 9,973 കോടി രൂപയായിരുന്നു റവന്യു വരുമാനം. ഇന്ന് അത് 1,35,000 കോടിയോളം രൂപയായി– 14 ഇരട്ടി വർധന. 20 വർഷം മുൻപ് ആളോഹരി വരുമാനം 19,463 രൂപയായിരുന്നത് ഇപ്പോൾ 2,30,000 രൂപയോളം എത്തി നിൽക്കുന്നു– 12 ഇരട്ടിയോളം വർധന. ഇതര സ്രോതസ്സുകളിൽ നിന്നു കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശത്തിന് ഇപ്പോൾ കേന്ദ്രം തടസ്സം നിൽക്കുകയാണ്. കേരളത്തെക്കുറിച്ചു ചില സ്ഥാപിത താൽപര്യക്കാർ പ്രചരിപ്പിക്കുന്നതു കാര്യക്ഷമമായി നികുതി പിരിക്കാത്ത സംസ്ഥാനമെന്നാണ്. അതിന് ചില മാധ്യമങ്ങളും കൂട്ടുനിൽക്കുന്നുണ്ട്.– അദ്ദേഹം പറഞ്ഞു.