ഓഹരി വിപണിയിൽ സൂചികകൾ പുതിയ ഉയരത്തിൽ

കുതിപ്പ് തുടരുന്ന ഓഹരി വിപണിയിൽ സൂചികകൾ പുതിയ ഉയരത്തിൽ. സെൻസെക്സ് 71,000 പോയിന്റ് കടന്ന് 71,483.75ൽ എത്തി. 969.55 പോയിന്റ് കയറ്റം. ഒരവസരത്തിൽ 1091 പോയിന്റ് വരെ ഉയർന്നിരുന്നു. നിഫ്റ്റി 273.95 പോയിന്റ് കയറി 21,456.65 പോയിന്റിലെത്തി. വിദേശ ധനസ്ഥാപനങ്ങൾ വൻ തോതിൽ ഓഹരി വാങ്ങിക്കൂട്ടിയതും യുഎസ് സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന കണക്കുകൂട്ടലുമാണ് ഇപ്പോഴത്തെ ഉണർവിന് കാരണമായി പറയുന്നത്. ഐടി, മെറ്റൽ ഓഹരികളിൽ ആവശ്യക്കാർ ഏറി. വിദേശ ധനസ്ഥാപനങ്ങൾ വ്യാഴാഴ്ച്ച 3,570 കോടി രൂപയുടെ ഓഹരികൾ വാങ്ങി. കഴിഞ്ഞ 3 ദിവസം കൊണ്ട് നിക്ഷേപകരുടെ ആസ്തിയിൽ 8.11 ലക്ഷം കോടി രൂപയുടെ വളർച്ചയാണ് ഉണ്ടായത്.
കേന്ദ്ര ബാങ്കുകളായ യുഎസ് ഫെഡ്‌ റിസർവും, ബാങ്ക് ഓഫ് ഇംഗ്ലണ്ടും, യൂറോപ്യൻ സെൻട്രൽ ബാങ്കും പലിശ നിരക്കിൽ മാറ്റം വരുത്താതിരുന്നത് ആഗോള വിപണികളിലും കരുത്ത് പകർന്നു. തുടർച്ചയായ മൂന്നാം തവണയാണ് ഫെഡ്‌ റിസർവ് പലിശനിരക്ക് മാറ്റമില്ലാതെ തുടരുന്നത്. പണപ്പെരുപ്പം കുറഞ്ഞുവെന്നും തൊഴിൽ മേഖല സ്ഥിരത കാണിക്കുന്നതായും ഫെഡ് റിസർവ് അവകാശപ്പെടുന്നു. അടുത്ത വർഷം പലിശ കുറയ്ക്കാൻ സാധ്യതയുണ്ടെന്നും പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *