ദേശീയ ഓഹരി വിപണിയിൽ (എൻഎസ്ഇ) 2024ൽ പുതുതായി എത്തിയത് 1.52 കോടി സജീവ നിക്ഷേപകർ. ഇതിൽ 65% പേരും മുൻനിര ഡിസ്കൗണ്ട് ബ്രോക്കറേജ് സ്ഥാപനങ്ങളായ ഗ്രോ, ഏയ്ഞ്ചൽ വൺ, സീറോധ എന്നിവയുടെ ഉപഭോക്താക്കൾ. ഡിസംബറിലെ കണക്കുപ്രകാരം 44% വാർഷിക വളർച്ചയുമായി 5.01 കോടി സജീവ നിക്ഷേപകരാണ് എൻഎസ്ഇയ്ക്കുള്ളത്. പുതിയ നിക്ഷേപകരിൽ 60.06 ലക്ഷം പേരും (40%) ഗ്രോയ്ക്ക് സ്വന്തം. 26.56 ലക്ഷം പേരെ (17.5%) നേടി ഏയ്ഞ്ചൽ വൺ രണ്ടാമതും 15.2 ലക്ഷം പേരുമായി (10%) സീറോ മൂന്നാമതുമാണ്.
ചില ചെറുകിട ഡിസ്കൗണ്ട് ബ്രോക്കറേജ് സ്ഥാപനങ്ങളും ഉപഭോക്താക്കളുടെ എണ്ണത്തിൽ ശ്രദ്ധേയ വളർച്ച നേടി. മണിലിഷ്യസ് സെക്യൂരിറ്റീസിന്റെ ഉപഭോക്താക്കളുടെ എണ്ണം 200% ഉയർന്ന് 9.33 ലക്ഷത്തിലെത്തിയെന്ന് മണികൺട്രോളിന്റെ റിപ്പോർട്ട് പറയുന്നു. ഇത് പേയ്ടിഎം മണി, ഷെയർഖാൻ, 5പൈസ, ഐഐഎഫ്എൽ സെക്യൂരിറ്റീസ് എന്നിവയേക്കാൾ മികച്ച നേട്ടമാണ്. ഇൻഡ്മണിയുടെ വളർച്ച 266 ശതമാനം; ഉപഭോക്താക്കൾ 7.92 ലക്ഷമായി. മിറേ അസറ്റ് ക്യാപിറ്റൽ 127% വളർച്ച നേടി; ഉപഭോക്താക്കൾ 5.53 ലക്ഷം.