കേരളം ആസ്ഥാനമായതും സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ളതുമായ മുപ്പതോളം കമ്പനികളിൽ ഒൻപത് എണ്ണത്തിന്റെ ഓഹരികൾ വിപണിയിലെ സമീപകാല മുന്നേറ്റത്തിനൊപ്പം മികച്ച പ്രകടനം കാഴ്ചവച്ചു ശ്രദ്ധേയമായി. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലനിലവാരത്തിൽ ആയിരുന്നു ഇന്നലെ ഇവയുടെ വ്യാപാരം. ഓഹരി വിപണിയിൽ വലിയ തകർച്ചയുടെ ദിവസമായിരുന്നിട്ടും കൈവരിക്കാൻ കഴിഞ്ഞ നേട്ടമാണിത്.
കേരളം ആസ്ഥാനമായ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നീ നാലു വാണിജ്യ ബാങ്കുകളുടെയും ഓഹരികൾ 52 ആഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയവയുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. കേരളത്തിൽനിന്നുള്ള ഏക ‘ലിസ്റ്റഡ്’ ജ്വല്ലറിയായ കല്യാൺ ജ്വല്ലേഴ്സ്, കേന്ദ്ര പൊതു മേഖലയിലെ ഫാക്ട് എന്നിവയുടെ ഓഹരികളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. അപ്പോളോ ടയേഴ്സ്, വിഗാർഡ്, കേരള ആയുർവേദ എന്നിവയുടെ ഓഹരികളാണു വാർഷിക നേട്ടത്തിൽ മുൻനിരയിലെത്തിയ മറ്റുള്ളവ
വിപണിയിലെ കനത്ത ഇടിവിൽ വിൽപന സമ്മർദം അതിജീവിക്കാൻ ഇക്കൂട്ടത്തിൽ ചില ഓഹരികൾക്കു സാധ്യമായിട്ടില്ല. അതിനാൽ ‘ക്ലോസിങ്’ നിരക്കിൽ 52 ആഴ്ചയിലെ ഏറ്റവും വലിയ നേട്ടം നിലനിർത്താൻ കഴിയാതെ പോയി. എങ്കിലും വലിയ തോതിൽ വിലയിടിവു നേരിടേണ്ടിവന്നതുമില്ല. മികച്ച പ്രവർത്തന ഫലമാണ് ഈ ഓഹരികളുടെയെല്ലാം പ്രിയം വർധിക്കാൻ അവസരമൊരുക്കിയത്.