ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായ് 2023 ഓട്ടോ എക്‌സ്‌പോയിൽ പൊതു അരങ്ങേറ്റത്തിന് മുന്നോടിയായി പുതിയ ഓറ ഫെയ്‌സ്‌ലിഫ്റ്റ് സെഡാൻ ഔദ്യോഗികമായി വെളിപ്പെടുത്തി. 2020 ജനുവരിയിൽ ആദ്യം അവതരിപ്പിച്ച ഓറ സെഡാന് അതിന്റെ ആദ്യ പ്രധാന അപ്‌ഡേറ്റിൽ കുറച്ച് കോസ്‌മെറ്റിക് ഡിസൈൻ മാറ്റങ്ങളും കൂടുതൽ സുരക്ഷാ സവിശേഷതകളും പുതിയ സവിശേഷതകളും ലഭിച്ചു.
താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് പുതിയ സെഡാൻ ഓൺലൈനിലോ അംഗീകൃത ഹ്യൂണ്ടായ് ഡീലർഷിപ്പുകളിലോ 11,000 രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാം. ഓറ ഫെയ്‌സ്‌ലിഫ്റ്റ് മാത്രമല്ല , ഇന്ത്യൻ ഓട്ടോ എക്‌സ്‌പോയുടെ പതിനാറാം പതിപ്പിൽ അനാച്ഛാദനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന ഗ്രാൻഡ് ഐ10 നിയോസിന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പും ഹ്യുണ്ടായ് വെളിപ്പെടുത്തിയിട്ടുണ്ട്
പുതിയ മോഡൽ പരിഷ്‍കരിച്ച ഫ്രണ്ട് ഫാസിയയുമായി വരുന്നു, കൂടുതൽ നിവർന്നുനിൽക്കുന്ന നോസും രണ്ട് ഭാഗങ്ങളുള്ള ഗ്രില്ലും ഫീച്ചർ ചെയ്യുന്നു. ഹ്യൂണ്ടായ് ലോഗോ മുകളിലെ ഗ്രില്ലിൽ സ്ഥാപിച്ചിരിക്കുന്നു, അതേസമയം ബമ്പറിന്റെ താഴത്തെ ഭാഗം ഗ്രില്ലിന്റെ രണ്ടാം ഭാഗം പൂർണ്ണമായും മൂടിയിരിക്കുന്നു. മുൻഭാഗം മുഴുവനായും മൂടുന്ന പുതിയ രണ്ട് ഭാഗങ്ങളുള്ള ഗ്രിൽ ഇതിന് വിശാലവും ആകർഷകവുമായ രൂപം നൽകുന്നു.
താഴെയുള്ള ബമ്പറിൽ രണ്ട് വശങ്ങളിലും വിപരീത എൽ-ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ ഉൾക്കൊള്ളുന്നു. അതേസമയം അതില്‍ ഫോഗ് ലാമ്പുകൾ ഇല്ല. സെഡാന്റെ പ്രൊഫൈലിൽ മാറ്റങ്ങളൊന്നുമില്ല. കാരണം അലോയി വീലുകൾ, സംയോജിത ബ്ലിങ്കറുകളോട് കൂടിയ ഓആര്‍വിഎം ചരിഞ്ഞ റൂഫ്‌ലൈൻ എന്നിവ നിലനിർത്തുന്നു. ക്രോം ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുള്ള ടെയിൽ ലാമ്പുകൾ തന്നെ ഫീച്ചർ ചെയ്യുന്നതിനാൽ പിൻ പ്രൊഫൈൽ മുമ്പത്തെ മോഡലിന് സമാനമാണ്. ഇതിന് ഇപ്പോൾ ഒരു ബൂട്ട് ലിഡ് സ്‌ർപോയിലർ ഉണ്ട്, അത് നേരത്തെ ഒരു ആക്സസറിയായി വാഗ്ദാനം ചെയ്തിരുന്നു. ഹ്യുണ്ടായ് പുതിയ സ്റ്റാറി നൈറ്റ് കളർ ഓപ്ഷനും ചേർത്തിട്ടുണ്ട്.
ക്യാബിനിനുള്ളിൽ, 2023 ഹ്യുണ്ടായ് ഓറ ഫെയ്‌സ്‌ലിഫ്റ്റ് നിലവിലെ മോഡലിന് സമാനമാണ്. സീറ്റുകൾക്ക് പുതിയ അപ്‌ഹോൾസ്റ്ററി, ഫുട്‌വെൽ ഏരിയയ്ക്ക് പുതിയ ലൈറ്റിംഗ്, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ എന്നിവയുമായാണ് ഇത് വരുന്നത്. പുതിയ ടൈപ്പ്-സി ചാർജിംഗ് പോർട്ടുകളും ഇൻസ്ട്രുമെന്റ് കൺസോളിൽ പുതിയ 3.5-ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേയും ഇതിലുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് യൂണിറ്റ്, റിയർ എസി വെന്‍റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ എന്നിവയും സെഡാനില്‍ ഉണ്ട്.
നാല് എയർബാഗുകൾ, എബിഎസ്, ഇബിഡി എന്നിവ സ്റ്റാൻഡേർഡായി സെഡാൻ വരുന്നു. ഉയർന്ന സ്‌പെക്ക് മോഡലിന് ആറ് എയർബാഗുകൾ, ESC, VSM, ഹിൽ അസിസ്റ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ലഭിക്കുന്നു. സെൻട്രൽ ലോക്കിംഗും കീലെസ് എൻട്രിയും, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും, ഐഎസ്ഒഫിക്സ് ആങ്കറേജുകളും, ഡേ/നൈറ്റ് ഐആർവിഎം ഓപ്ഷനുകളുമുണ്ട്.
83 ബിഎച്ച്‌പിയും 113.8 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന അതേ 1.2 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പുതിയ ഹ്യുണ്ടായ് ഓറ സെഡാന്റെ കരുത്ത്. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 5-സ്പീഡ് മാനുവലും എഎംടി യൂണിറ്റും ഉൾപ്പെടുന്നു. 1.2 ലിറ്റർ പെട്രോൾ എഞ്ചിനോടുകൂടിയ ഫാക്ടറിയിൽ ഘടിപ്പിച്ച CNG കിറ്റും ഇതിലുണ്ട്. ഈ പവർട്രെയിൻ 69 ബിഎച്ച്പിയും 95.2 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു, കൂടാതെ 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഔറ, ഗ്രാൻഡ് ഐ10 നിയോസ് ലൈനപ്പിൽ നിന്ന് 100 ബിഎച്ച്പി, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഹ്യുണ്ടായ് നീക്കം ചെയ്തു. മാത്രമല്ല, ഡീസൽ എഞ്ചിൻ ഓപ്ഷനിൽ ഇത് നൽകില്ല.