വിനോദസഞ്ചാരം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ), വെർച്വൽ റിയാലിറ്റി (വിആർ) സാധ്യതകൾ പ്രയോജനപ്പെടുത്താൻ ബിഎസ്എൻഎൽ പദ്ധതി തയാറാക്കുന്നു. വിനോദസഞ്ചാര മേഖലകളിൽ നേരിട്ടു പോകാതെ തന്നെ അവിടം ആസ്വദിക്കാൻ സാധിക്കുന്ന ദൃശ്യാനുഭവമാകും എആർ– വിആർ സംവിധാനത്തിലൂടെ ലഭ്യമാവുക. ബിഎസ്എൻഎലിൽ എംപാനൽ ചെയ്തിട്ടുള്ള ടെക് എക്സ്ആർ (TECHXR) എന്ന കമ്പനിയുമായി ചേർന്നാണു സംസ്ഥാനത്തിന്റെ വിവിധ ടൂറിസം മേഖലകളിലെ ഈ സാധ്യത ആലോചിക്കുന്നത്.
വിദ്യാഭ്യാസ മേഖലയിലും എആർ സാധ്യത പരിഗണിക്കുന്നുണ്ട്. യഥാർഥ ലോകത്തിനു സമാനമായി കംപ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ചു തയാറാക്കിയതോ മുൻകൂട്ടി റെക്കോർഡ് ചെയ്തതോ ആയ 360 ഡിഗ്രി വിഡിയോകളാണു പഠനത്തിനും പരിശീലനത്തിനും ലഭ്യമാക്കുക. ഐടിഐകളിലും മറ്റും കൃത്യത ഉറപ്പാക്കാൻ പലതവണ ചെയ്തു പരിശീലിക്കേണ്ട ജോലികളും സിമുലേറ്ററുകളിലൂടെ ചെലവു കുറച്ചു പരിശീലിക്കാം.