ഒരു ലക്ഷം എംഎസ്എംഇ(MSME) യൂണിറ്റുകൾ ആരംഭിക്കാനായി ‘ഒരു കുടുംബം ഒരു സംരംഭം’ എന്ന പദ്ധതിയിൽ സംസ്ഥാന സർക്കാർ ഈ സാമ്പത്തിക വർഷം 400 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
കച്ചവടം, സേവനം, നിർമ്മാണം, ജോബ് വർക്ക് എന്നിവയുമായി ബന്ധപ്പെട്ട സംരംഭം ആരംഭിക്കാം. ധനകാര്യ സ്ഥാപനത്തിൽനിന്ന് പ്രവർത്തന മൂലധനമായി എടുക്കുന്ന ടേം ലോണിന് പലിശ ഇളവ് ലഭിക്കും. സംരംഭക പദ്ധതിയുടെ മൊത്തം അടങ്കൽ 10 ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. പദ്ധതി ചെലവിൽ പ്ലാൻറ്, മെഷിനറി, വൈദ്യുതീകരണം, ഉപകരണങ്ങൾ, ഓഫീസ് ഉപകരണങ്ങൾ അടക്കമുള്ളവ എല്ലാം ഉൾപ്പെടുന്നു. എന്നാൽ പദ്ധതി ചെലവിൻറെ 5 ശതമാനത്തിൽ അധികം പ്രവർത്തനമൂലധനം ആകരുത്. പുതുതായി രജിസ്റ്റർ ചെയ്യുന്ന ചെറു കുടുംബ യൂണിറ്റുകളെ സഹായിക്കുകയാണ് ലക്ഷ്യം. ഗുണഭോക്താക്കളിൽ 50 ശതമാനം സ്ത്രീകൾ ആയിരിക്കണം. വികലാംഗർ, മുൻ സൈനികർ, അന്യസംസ്ഥാനങ്ങളിൽ വസിക്കുന്ന കേരളീയർ (NRK), 45 വയസ്സുവരെയുള്ള യുവസംരംഭകർ, എസ്സി/എസ്ടി സംരംഭകർ എന്നിവർക്ക് മുൻഗണന
വായ്പയുടെ പലിശയിൽ സർക്കാർ ധനസഹായമായ 5% കഴിച്ച് ബാക്കി 4% പലിശ മാത്രം സംരംഭകൻ അടച്ചാൽ മതി.
ബന്ധപ്പെട്ട താലൂക്കിലെ അസിസ്റ്റൻറ് ജില്ലാ ഇൻഡസ്ട്രീസ് ഓഫീസറാണ് ശുപാർശ ചെയ്യുന്നത്. ആനുകൂല്യം അനുവദിക്കാനുള്ള അധികാരം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്കാണാൻ രേഖകൾ ഉൾപ്പെടെ അപേക്ഷ ഓൺലൈനായി നൽകാം.
വായ്പ അനുവദിച്ച മൂന്ന് മാസത്തിനുള്ളിൽ പലിശ ഇളവിന് ജില്ലാ വ്യവസായ കേന്ദ്രത്തിന് അപേക്ഷ സമർപ്പിക്കണം. കാലതാമസം മാപ്പ് ആക്കാനുള്ള അധികാരം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്കാണ്. പരമാവധി അഞ്ച് വർഷം വരെ ആണ് ഇതിൻറെ പ്രയോജനം ലഭിക്കുക. കേന്ദ്ര,സംസ്ഥാന, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നു നേരത്തെ സർക്കാർ ഗ്രാൻ്റോ സഹായമോ കിട്ടിയവർ ആകരുത്.
അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകൾ സമർപ്പിക്കണം
1. വോട്ടേഴ്സ് ഐഡി/റേഷൻ കാർഡ്/ഡ്രൈവിങ് ലൈസൻസ്, ഇവയിലേതെങ്കിലുമൊന്നിൻറെ കോപ്പി.
2. സംരംഭകൻ ‘young’ കാറ്റഗറിയിൽ ആണെങ്കിൽ ജനന തീയതി തെളിയിക്കുന്ന രേഖകൾ.
3. ജാതി സർട്ടിഫിക്കറ്റ് (എസ്സി/എസ്ടിക്ക്).
4. ഉദ്യം രജിസ്ട്രേഷൻ.
5. പ്രോജക്ട് റിപ്പോർട്ട്.
6. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ പാസായതിൻറെ രേഖകൾ.
7. ബാങ്ക് പാസ്ബുക്ക്.
8. അപേക്ഷ സമർപ്പിക്കാൻ കാലതാമസം നേരിട്ടാൽ അതിൻറെ കാരണം.
ഇതൊരു റീ ഇംപേഴ്സ്മെൻ്റ് പദ്ധതിയാണ്. അതിനാൽ, ഓരോ വർഷവും ബാങ്ക് സ്റ്റേറ്റ്മെൻറ് അടക്കമുള്ളവ സമർപ്പിക്കണം. അസിസ്റ്റൻറ് റിലീസ് ചെയ്യാൻ ബാങ്കിൻറെ ശുപാർശ ആവശ്യമാണ്. വ്യവസായ വകുപ്പിൽ നിന്ന് സഹായം ലഭിച്ച സംരംഭകൻ മുടക്കം കൂടാതെ ബാങ്ക് വായ്പയുടെ പലിശ അടച്ചു കൊണ്ടിരിക്കണം
കരാർ പ്രകാരമുള്ള കാലയളവ് വരെയെങ്കിലും യൂണിറ്റ് പ്രവർത്തിക്കണം. അല്ലാത്തപക്ഷം സംരംഭകന് നൽകിയ ആനുകൂല്യം കേരള റവന്യൂ റിക്കവർ ആക്ട് പ്രകാരം തിരികെ പിടിക്കും.