ഏവിയേഷൻ മേഖലയിലെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറിനു പിന്നാലെ കുതിച്ചു പൊങ്ങി ഇൻഡിഗോ ഓഹരികൾ. എയർബസുമായി അഞ്ഞൂറ് A320 വിമാനങ്ങൾക്കുള്ള കരാർ നൽകിയതോടെയാണ് വിപണിയിൽ ഇൻഡിഗോ നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് എയറോസ്പേസ് കമ്പനിയായ എയർബസുമായി ഒറ്റയടിക്ക് 500 വിമാനങ്ങൾക്കുള്ള ഓർഡർ ഇൻഡിഗോ നല്‍കിയത്. ഇതോടെ ആകെ 1330 ഓർഡറുകൾ കമ്പനി നൽകി കഴിഞ്ഞു.
വാർത്ത വന്നതോടെ ഇന്ന് വിപണിയിൽ മൂന്നു ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന 2490 രൂപ നിരക്കിലെത്തിയിരിക്കുകയാണ് ഓഹരി. കഴിഞ്ഞ അഞ്ചു വർഷത്തെ ഓഹരിയുടെ റിട്ടേൺ 115% ആണ്. മൂന്നു വർഷത്തിൽ 138.04% ഉയർന്ന ഓഹരി കഴിഞ്ഞ മൂന്നു മാസത്തിനിടെ 31.67% നേട്ടമുണ്ടാക്കി. കഴിഞ്ഞയാഴ്ച മാത്രം നിക്ഷേപകന്റെ ലാഭം 4.53% ആണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്റ്റി 3.01% ഉയർന്നപ്പോൾ ഇന്റർഗ്ലോബ് ഏവിയേഷൻ ഓഹരി 7.99% നേട്ടമുണ്ടാക്കി.
മാർച്ച് മാസത്തിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വർധനവാണ് രാജ്യത്ത് റിപ്പോർട്ടു ചെയ്തത്. ജനുവരി മുതൽ മാർച്ചു വരെയുള്ള പാദത്തില്‍ യാത്രക്കാരുടെ എണ്ണത്തിൽ 21.4% വളര്‍ച്ച രേഖപ്പെടുത്തി. ആകെ 375.04 ലക്ഷം യാത്രികർ. ഇതിൽ വിപണിമൂല്യത്തിൽ (94,196 കോടി) മുന്നിലുള്ള ഇൻഡിഗോയില്‍ മാത്രം മാർച്ചു മാസത്തിൽ യാത്ര ചെയ്തത് 73.17 ലക്ഷം യാത്രക്കാരാണ്. നിലവില്‍ നേട്ടത്തിൽ തുടരുന്ന ഓഹരിക്ക് വിവിധ ബ്രോക്കറേജുകൾ 3000 രൂപ ടാർജറ്റായി നിർദ്ദേശിച്ചിട്ടുണ്ട്.