25,000 ഇലക്ട്രിക് വാഹന നിർമ്മാണ കരാർ പിടിച്ച് ടാറ്റ മോട്ടോഴ്‌സ്. ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് പാസഞ്ചർ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന് കരാർ നൽകിയത് റൈഡ്-ഹെയ്‌ലിംഗ് കമ്പനിയായ ഊബർ ആണ്. കരാർ പ്രകാരം, ഡൽഹി ദേശീയ തലസ്ഥാന മേഖല, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളുരു, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ഫ്ലീറ്റ് ഓപ്പറേറ്റർമാരെ പങ്കാളികളാക്കി ഊബർ ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രോണിക് വാഹനങ്ങൾ പുറത്തിറക്കും.
ഈ മാസം മുതൽ ടാറ്റ മോട്ടോഴ്‌സ് വാഹനങ്ങൾ ഘട്ടം ഘട്ടമായി വിതരണം ചെയ്യും. അതേസമയം, കരാറിന്റെ മൂല്യത്തെ കുറിച്ചോ, വിതരണ സമയത്തെ കുറിച്ചോ ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ല.
രാജ്യത്ത് സുസ്ഥിരമായ മൊബിലിറ്റി കൊണ്ടുവരാൻ ഊബർ പ്രതിജ്ഞാബദ്ധമാണെന്ന് യുബർ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും പ്രസിഡന്റ് പ്രഭ്ജീത് സിംഗ് പ്രസ്താവനയിൽ പറഞ്ഞു. അതിനായുള്ള പ്രവർത്തനത്തിൽ സുപ്രധാന നീക്കമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ടാറ്റ മോട്ടോഴ്‌സുമായുള്ള ഈ പങ്കാളിത്തം ഒരു പ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, ഒരു റൈഡ് ഹെയ്‌ലിംഗ് കമ്പനിയുമായുള്ള ടാറ്റ മോട്ടോഴ്‌സിന്റെ രണ്ടാമത്തെ വലിയ ഇടപാടാണിത്. ഗുരുഗ്രാം ആസ്ഥാനമായുള്ള ഓൾ-ഇലക്‌ട്രിക് ക്യാബ് കമ്പനിയായ ബ്ലൂസ്മാർട്ട് മൊബിലിറ്റിയുമായി ടാറ്റ കഴിഞ്ഞ വർഷം ജൂണിൽ കരാറിൽ ഏർപ്പെട്ടിരുന്നു. 10,000 അക്രൂകളാണ്അന്ന്കൈമാറിയത്. ബംഗളൂരുവിലെ വർധിച്ചുവരുന്ന ഇവി കാബിന്റെ ഭാഗമായി ഏകദേശം 1,000 കാറുകൾ വിന്യസിക്കാൻ ഉബറിന്റെ എതിരാളിയായ ഒല കാബ്സിനും പദ്ധതിയുണ്ട്.
ശബ്ദ മലിനീകരണമില്ലാത്ത സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യാൻ സാധിക്കുന്നതിനാൽ തന്നെ ഇവികള്‍ വളരെ അധികം ജനപ്രീതി നേടുന്നുണ്ട്. ഊബറുമായുള്ള പങ്കാളിത്തം ഫ്ലീറ്റ് വിഭാഗത്തിൽ ഞങ്ങളുടെ വിപണി സ്ഥാനം കൂടുതൽ ഉറപ്പിക്കുമെന്ന് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി എന്നിവയുടെ മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു.