ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടിക കഴിഞ്ഞ ആഴ്ചയാണ് ഫോബ്സ് പുറത്തുവിട്ടത്. ഫോബ്സിന്റെ 2023 പട്ടിക പ്രകാരം ലോകത്തിലെ 77 രാജ്യങ്ങളിൽ നിന്നുള്ള 2,640 ശതകോടീശ്വരന്മാർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവയിൽ ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങൾ ഏതൊക്കെയാണെന്നും പട്ടികയിലുണ്ട്.
ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള രാജ്യം യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയാണ്. യു.എസില് 735 ശതകോടീശ്വരന്മാരുണ്ട്! എന്നാൽ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ അമേരിക്കയിൽ നിന്നല്ല. ഈ വർഷം അമേരിക്കയ്ക്ക് ആ പദവി നഷ്ടമായി. കഴിഞ്ഞ വർഷം അമേരിക്കയുടെ ഇലോൺ മസ്കയിരുന്നു ആ നേട്ടം അമേരിക്കയ്ക്ക് നാക്കിയതെങ്കിൽ ഈ വർഷം ഇലോൺ മസ്ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആ ബഹുമതി ഫ്രാൻസിന്റെ ബെർണാഡ് അർനോൾട്ട് സ്വന്തമാക്കി. എന്നാൽ ജെഫ് ബെസോസ്, ബിൽ ഗേറ്റ്സ് തുടങ്ങിയ സമ്പന്നർ ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള രാജ്യമാക്കി അമേരിക്കയെ മാറ്റി
കോടീശ്വരന്മാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം ചൈനയാണ്. ഈ വർഷം, ചൈനയിൽ നിന്നും 495 ശതകോടീശ്വരന്മാരാണ് പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ കുറവാണു ഇത്തവണ സമ്പന്ന പട്ടികയിൽ ഇടം നേടിയ ശതകോടീശ്വരമാരുടെ എണ്ണം. 539 പേർ കഴിഞ്ഞ വർഷം ചൈനയിൽ നിന്നും പട്ടികയിൽ ഉണ്ടായിരുന്നു.
169 ശതകോടീശ്വരന്മാരുള്ള ഇന്ത്യയാണ് റാങ്കിംഗിൽ മൂന്നാം സ്ഥാനത്തുള്ളത്. ഫോർബ്സിന്റെ കണക്കനുസരിച്ച് ഇന്ത്യൻ ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തി 675 ബില്യൺ ഡോളറാണ്. എന്നാൽ അത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 75 ബില്യൺ ഡോളർ കുറവാണ്. ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം ഏകദേശം 43 ബില്യൺ ഡോളർ നഷ്ടപ്പെട്ട ഗൗതം അദാനിയുടെ ആസ്തിയിലെ ഇടിവാണ് ഇതിന് പ്രധാന കാരണം
ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള നാലാമത്തെ രാജ്യമായി ജർമ്മനി മാറി. കഴിഞ്ഞ വർഷം 134 സമ്പന്നർ പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ അത് 126 ആയി. 42.9 ബില്യൺ ഡോളർ ആസ്തിയുള്ള ഷ്വാർസ് ഗ്രൂപ്പിന്റെ ഉടമ ഡയറ്റർ ഷ്വാർസാണ് ജർമ്മനിയിലെ ഏറ്റവും വലിയ ധനികൻ.
105 ശതകോടീശ്വരന്മാരുള്ള റഷ്യയാണ് റാങ്കിംഗിൽ അഞ്ചാമത്. സമ്പന്നരുടെ മൊത്തം ആസ്തി 474 ബില്യൺ ഡോളറാണ്.