ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ടേം ഇൻഷുറൻസ് പദ്ധതികളായ ജീവൻ അമർ, ടെക്ടേം എന്നിവ കഴിഞ്ഞ ദിവസം പിൻവലിച്ചു. റീ ഇൻഷുറൻസ് നിരക്കുകൾ വർധിച്ചതിനെ തുടർന്നാണ് ടേം പ്ലാനുകൾ പിൻവലിച്ചതെന്ന് എൽ ഐ സി അറിയിച്ചു. 2019 ഓഗസ്റ്റിൽ ജീവൻ അമർ പ്ലാനും 2019 സെപ്റ്റംബറിൽ ടെക് ടേം പ്ലാനും തുടങ്ങി. പിന്നീട് പ്ലാനുകളുടെ പ്രീമിയം നിരക്ക് ഉയർത്തിയിരുന്നില്ല.
കുറഞ്ഞ പ്രീമിയത്തിൽ കൂടിയ തുക ഇൻഷുർ ചെയ്യാവുന്ന പദ്ധതികളാണ് ടേം ഇൻഷുറൻസിൽ വരുന്നത്. പോളിസി കാലയളവിൽ ലൈഫ് ഇൻഷുറൻസ് എടുത്തയാൾ മരിച്ചാൽ ഇൻഷുർ ചെയ്തിരുന്ന തുക നൽകുന്ന രീതിയിലാണ് ഇവ വിഭാവനം ചെയ്തിരുന്നത്.10 മുതൽ 40 വർഷം വരെയായിരുന്നു പോളിസിയുടെ കാലാവധി. എൽഐസി ജീവൻ അമർ പ്ലാനിൽ കുറഞ്ഞത് 25 ലക്ഷം രൂപയും എൽഐസി ടെക് ടേം പ്ലാനിൽ കുറഞ്ഞത് 50 ലക്ഷം രൂപയും ഇൻഷുറൻസ് കവറേജ് ഉണ്ടായിരുന്നു. ഓരോ പ്ലാനിനും പരമാവധി പരിധി ഇല്ലായിരുന്നു .
ഇവ പിൻവലിച്ചതുകൊണ്ട് നിലവിലുള്ള എൽഐസി ടേം പ്ലാൻ പോളിസി ഉടമകൾ ആശങ്കപ്പെടേണ്ടതില്ല. എൽഐസി ടെക് ടേമിലും, എൽഐസി ജീവൻ അമർ പ്ലാനിലും അവരുടെ നിലവിലുള്ള പോളിസികൾ സാധാരണപോലെ തുടരും. ഇനി മുതൽ ഈ പോളിസികൾ ലഭ്യമാകില്ല.