ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ എൽ ഐ സിയുടെ നിക്ഷേപ വകുപ്പുമായി അദാനിയുടെ ഉന്നത ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും അദാനി ഓഹരികൾ ഒന്നുപോലും എൽ ഐ സി വിൽക്കാതെ ഇരുന്നതിനാൽ എൽ ഐ സി ക്ക് നഷ്ടമുണ്ടാകുമോ എന്ന ചർച്ചകൾ മുറുകുന്നതിനിടയിലാണ് കൂടിക്കാഴ്ച നടന്നത്.
എന്നാൽ കൂടിക്കാഴ്ചക്ക് ശേഷം പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പിന്റെ ബിസിനസ് സാധ്യതകളെക്കുറിച്ച് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഒരു മാസം മുമ്പുള്ളതിനേക്കാൾ കൂടുതൽ ആത്മവിശ്വാസത്തിലാണെന്ന് ചെയർമാൻ എം.ആർ.കുമാർ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.യുഎസ് ആസ്ഥാനമായുള്ള ആഗോള ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ജിക്യുജി പാർട്‌ണേഴ്‌സ് കഴിഞ്ഞ വ്യാഴാഴ്ച അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളിൽ സെക്കൻഡറി മാർക്കറ്റ് ഇടപാടുകളിലൂടെ 15,446 കോടി രൂപയുടെ നിക്ഷേപം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ പരാമർശം ശ്രദ്ധേയമാകുന്നത്.
എല്ലാ നിക്ഷേപങ്ങളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ അനുസരിച്ചാണ് നടത്തുന്നതെന്നും നിക്ഷേപങ്ങൾ എൽഐസിയുടെ വിവേകപൂർണ്ണമായ മാനദണ്ഡങ്ങൾക്ക് വിധേയമാണെന്നും എൽ ഐ സിയിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.