വാണിജ്യ ആവശ്യങ്ങൾക്കു ഭാരമേറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള മത്സരമേറിയതോടെ, കരുത്തുറ്റ എൽവിഎം 3 റോക്കറ്റ് നിർമാണവും സ്വകാര്യ മേഖലയ്ക്ക്. 2020ൽ ബഹിരാകാശ രംഗം സ്വകാര്യ മേഖലയ്ക്കു തുറന്നു നൽകിയതിനു ശേഷമുള്ള ഏറ്റവും വലിയ കരാറുകളിലൊന്നാകും ഇത്.
പൊതു– സ്വകാര്യ പങ്കാളിത്തത്തോടെ ലോഞ്ച് വെഹിക്കിൾ മാർക്ക് 3 (എൽവിഎം 3) എന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് നിർമിക്കാൻ ഇന്ത്യൻ കമ്പനികളെയോ കമ്പനികളുടെ കൂട്ടായ്മയെയോ ആണ് ഐഎസ്ആർഒയുടെ വാണിജ്യ സംരംഭമായ ന്യു സ്പേസ് ഇന്ത്യ ലിമിറ്റഡ് ക്ഷണിക്കുന്നത്.
കുറഞ്ഞ ചെലവിൽ വലിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള ഇന്ത്യയുടെ ശേഷി തെളിയിക്കപ്പെട്ടതോടെ ലോക വ്യാപകമായി സ്വകാര്യ സംരംഭകർ ഉൾപ്പെടെ ഐഎസ്ആർഒയുടെ സഹായം തേടാൻ തുടങ്ങി. ഇന്ത്യൻ ബഹിരാകാശ മേഖലയുടെ വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ എൽവിഎം 3 റോക്കറ്റുകൾ സമയബന്ധിതമായി നിർമിച്ച് വാണിജ്യ ആവശ്യങ്ങൾ നിറവേറ്റുകയാണ് പുതിയ കരാറിന്റെ ലക്ഷ്യം.