വനിതകൾക്ക് ഇൻഷുറൻസ് സംരക്ഷണത്തിനൊപ്പം ഉറപ്പുള്ള റിട്ടേണും വാഗ്ദാനം ചെയ്യുന്ന എൽഐസിയുടെ ഒരു എൻഡോവ്‌മെൻറ് പോളിസിയാണ് എൽഐസി ആധാർ ശില . പദ്ധതിയിൽ അക്കൗണ്ട് തുറക്കാൻ നിക്ഷേപകർക്ക് ആധാർ കാർഡ് ആവശ്യമാണ്. താൽപ്പര്യമുള്ളവര്‍ക്ക് എൽഐസി ഏജൻറുമായി ബന്ധപ്പെട്ടോ അടുത്തുള്ള ശാഖ വഴിയോ സ്കീമിനു കീഴിൽ നിക്ഷേപം ആരംഭിക്കാൻ കഴിയും. പദ്ധതിക്ക് കീഴിൽ നിക്ഷേപകർക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ മെച്യൂരിറ്റി തുക 75,000 രൂപയാണ്. പരമാവധി ലഭിക്കുന്ന തുക നാലു ലക്ഷം രൂപയും. എട്ട് വയസ് മുതൽ 55 വയസ് വരെയുള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. കുറഞ്ഞത് 10 വർഷം മുതൽ പരമാവധി 20 വർഷം വരെ നിക്ഷേപം നടത്താൻ ആകും. 70 വയസാണ് മെച്യൂരിറ്റി കാലാവധി.
പോളിസി കാലയളവിൽ ഇൻഷുറൻസ് ഉടമ മരണപ്പെട്ടാൽ തുക നോമിനിക്ക് ലഭിക്കും. വാർഷിക പ്രീമിയത്തിൻെറ 10 മടങ്ങ് വരെയും അടിസ്ഥാന തുകയും മരിക്കുന്നതു വരെ അടച്ച എല്ലാ പ്രീമിയങ്ങളുടെയും 105 ശതമാനവും ഉൾപ്പെടെയാണ് ഈ തുക ലഭിക്കുക. പോളിസി കാലവധി പൂര്‍ത്തിയാകുമ്പോഴും പോളിസി ഉടമ ജീവിച്ചിരുപ്പുണ്ടെങ്കിൽ ലോയൽറ്റി ഉൾപ്പെടെ നിശ്ചിത തുക നിക്ഷേപകര്‍ക്ക് ലഭിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ പോളിസിയിൽ നിന്ന് തന്നെ ലോൺ എടുക്കാനുമാകും. ഇനി പോളിസി സറണ്ടർ ചെയ്യണമെങ്കിൽ പദ്ധതിയിൽ അംഗമായി രണ്ട് വർഷത്തിനു ശേഷം തുക പിൻവലിക്കാം.
29 രൂപ വീതം നീക്കി വെച്ച് നാല് ലക്ഷം രൂപ
പദ്ധതിക്ക് കീഴിൽ നാല് ലക്ഷം രൂപയുടെ സമ്പാദ്യം വളർത്താൻ ആഗ്രഹിക്കുന്ന ഒരു വനിത പ്രതിദിനം 29 രൂപ വീതം നിക്ഷേപത്തിനായി നീക്കി വെച്ചാൽ ഒരു വർഷം ഏകദേശം 10,959 രൂപ പ്രീമിയം അടയ്ക്കാനാകും. പ്രതിമാസം ഏകദേശം 899 രൂപയോളം വരുമിത്. പദ്ധതിക്ക് കീഴിൽ 20 വർഷം ഏകദേശം 2,11,845 രൂപയാണ് ഇങ്ങനെ പ്രീമിയമായി നിക്ഷേപകര്‍ നൽകുന്നതെങ്കിലും പദ്ധതി മെച്യൂരിറ്റി കാലാവധി പൂർത്തിയാകുമ്പോൾ ലോയൽറ്റി തുക ഉൾപ്പെടെ ഏകദേശം നാലു ലക്ഷം രൂപ തിരികെ ലഭിക്കും. പദ്ധതിക്ക് കീഴിൽ നിക്ഷേപകർക്ക് അനുയോജ്യമായ വിധത്തിൽ പ്രതിമാസമോ മൂന്ന് മാസം കൂടുമ്പോഴോ ഒക്കെ പ്രീമിയം അടയ്ക്കാൻ ആകും. അനുയോജ്യമായ പ്രീമിയം തുക തെരഞ്ഞെടുക്കാം.
എന്തൊക്കെ രേഖകൾ വേണം?
ആധാർ ശിലാ പോളിസിയിൽ അംഗമാകുന്നതിന് ഐഡന്റിറ്റി പ്രൂഫ് ആവശ്യമാണ്. ഇതിന് ആധാർ കാർഡ്, വോട്ടേഴ്‌സ് കാർഡ്, പാസ്‌പോർട്ട് ഇവയിൽ ഏതിൻെറയെങ്കിലും പകർപ്പ് നൽകാം.
വിലാസത്തിന് തെളിവായി ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വൈദ്യുതി ബിൽ, റേഷൻ കാർഡ്, വോട്ടേഴ്‌സ് കാർഡ്, അല്ലെങ്കിൽ പാസ്‌പോർട്ട് പകർപ്പ് നൽകാം. വാർഷിക വരുമാന തെളിവായി ആദായ നികുതി റിട്ടേണുകളോ അല്ലെങ്കിൽ സാലറി സ്ലിപ്പുകളോ സമർപ്പിക്കാം. ലൈഫ് അഷ്വേർഡിന്റെ ആരോഗ്യ രേഖകളും സമർപ്പിക്കേണ്ടി വന്നേക്കാം.