ഓഹരി വിപണിയിലെ നിയമ വിരുദ്ധമായ കാര്യമാണ് ‘ഫ്രണ്ട് റണ്ണിങ്’. രഹസ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മ്യൂച്ചൽ ഫണ്ട് മാനേജർമാരോ, ബ്രോക്കർമാരോ തങ്ങൾക്കു നല്ല ലാഭമുണ്ടാക്കാൻ സാധിക്കുന്ന രീതിയിൽ ചില വ്യാപാരങ്ങൾ ആദ്യം നടത്തിയശേഷം പിന്നീട് തങ്ങളുടെ ഇടപാടുകാരന്റെ വ്യാപാരങ്ങൾ നടത്തുന്ന രീതിയാണിത്. പല തരത്തിലുള്ള ‘ഫ്രണ്ട് റണ്ണിങ്’ ഉണ്ട്.
എൽഐസിയുടെയും അവരുമായി ബന്ധപ്പെട്ട ഓഹരി വ്യാപാരം നടത്തുന്ന അഞ്ച് സ്ഥാപനങ്ങൾക്കെതിരെ സെബിയുടെ അലേർട്ട് സിസ്റ്റം 2022 ജനുവരി മുതൽ മാർച്ച് വരെ ഇക്കാര്യത്തിൽ അലേർട്ടുകൾ നൽകിയിരുന്നു. ഇതേതുടർന്ന് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ജീവനക്കാരൻ ഉൾപ്പെടെ അഞ്ച് സ്ഥാപനങ്ങളെ സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്ന് സെബി വിലക്കുകയും അവർ ഉണ്ടാക്കിയ 2.44 കോടി രൂപയുടെ അനധികൃത ലാഭം കണ്ടുകെട്ടുകയും ചെയ്തു. കൂടാതെ, ഫ്രണ്ട് റണ്ണിങ് ഉൾപ്പെടെയുള്ള വഞ്ചനാപരവും, കൃത്രിമവും, അന്യായവുമായ വ്യാപാരം നിർത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.