ഇന്ത്യൻ ഓഹരി വിപണിയായ എൻഎസ്ഇയിൽ (നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്) നിക്ഷേപം നടത്തുന്നവരുടെ എണ്ണം 10 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടു. ഒറ്റ പാനും ഒറ്റ അക്കൗണ്ടുമായി നിക്ഷേപിക്കുന്നവരുടെ എണ്ണമാണിത്. ഒന്നിലധികം അക്കൗണ്ടുള്ളവരുടെ കണക്ക് കൂടി ചേർത്താൽ, മൊത്തം നിക്ഷേപകർ 19 കോടിയാണെന്ന് എൻഎസ്ഇ വ്യക്തമാക്കി.എൻഎസ്ഇ പ്രവർത്തനം ആരംഭിച്ച് നിക്ഷേപകരുടെ എണ്ണം ആദ്യമായി ഒരുകോടിയിലെത്തിയത് 14 വർഷം കൊണ്ടായിരുന്നു. രണ്ടുകോടിയിലേക്ക് എത്താൻ വേണ്ടിവന്നത് വീണ്ടും 7 വർഷം. 25 വർഷം കൊണ്ടാണ് എണ്ണം 4 കോടിയായത്. എന്നാൽ, 4 കോടിയിൽ നിന്ന് 10 കോടിയിലേക്ക്, ഓരോ അധിക ഒരു കോടി അക്കൗണ്ടുകളും ചേർക്കപ്പെടാൻ വേണ്ടിവന്നത് ശരാശരി 6-7 മാസമാണ്. 9 കോടിയിൽ നിന്ന് 10 കോടിയിലേക്കെത്താൻ എടുത്തത് 5 മാസം മാത്രം.
ഡിജിറ്റലായി അതിവേഗം അക്കൗണ്ട് തുറക്കാമെന്നതും ഓഹരി വിപണിയിലെ നിക്ഷേപത്തെ കുറിച്ച് അവബോധം വർധിച്ചതും കൂടുതൽ പേർ ബാങ്കിങ് മേഖലയിലേക്ക് ചുവടുവച്ചതും ഓഹരി വിപണിയുടെ ഭേദപ്പെട്ട പ്രകടനവും കൂടുതൽ നിക്ഷേപകരെത്താൻ സഹായിച്ചുവെന്നാണ് എൻഎസ്ഇയുടെ വിലയിരുത്തൽ.