എല്ലാ സഹകരണ സംഘങ്ങളെയും വിവരാവകാശ നിയമപരിധിയിൽ കൊണ്ടു വരണമെന്ന് പാർലമെന്റ് സ്ഥിരം സമിതി

എല്ലാ സഹകരണ സംഘങ്ങളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതു പരിശോധിക്കണമെന്ന് പാർലമെന്റ് സ്ഥിരം സമിതി ശുപാർശചെയ്തു. ഇവയുടെ പ്രവർത്തനം നീതിയുക്തവും സുതാര്യവുമല്ലെന്ന് പി.സി.ഗഡ്ഡിഗൗഡർ അധ്യക്ഷനായ സമിതി വിലയിരുത്തി.

നിലവിൽ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾക്കു മാത്രമാണു ആർടിഐ ബാധകമായിട്ടുള്ളത്. ശുപാർശ നടപ്പായാൽ കേരള ബാങ്ക് അടക്കമുള്ള സഹകരണസംഘങ്ങൾ വിവരാവകാശനിയമപ്രകാരം വിവരങ്ങൾ നൽകേണ്ടി വരും. ശുപാർശ സംസ്ഥാനങ്ങൾക്ക് അയച്ചുകൊടുക്കുമെന്നു കേന്ദ്ര സഹകരണമന്ത്രാലയ സെക്രട്ടറി ഗ്യാനേഷ് കുമാർ സമിതിയെ അറിയിച്ചു. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള വിഷയമാണെന്നും  വ്യക്തമാക്കി.

സംഘങ്ങൾക്ക് ആർടിഐ ബാധകമല്ലെന്ന് 2013 ൽ സുപ്രീം കോടതി വിധിച്ചിരുന്നു. കേരള കോ–ഓപ്പറേറ്റീവ് സൊസൈറ്റീസ് നിയമപ്രകാരം (1969) റജിസ്‌റ്റർ ചെയ്‌തിട്ടുള്ള സഹകരണ സംഘങ്ങൾ പബ്ലിക് അതോറിറ്റി എന്ന നിർവചനത്തിൽ വരില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിധി. ഇതുമറികടക്കാൻ നിയമഭേദഗതി വേണ്ടിവരും. സഹകരണനയത്തിന്റെ കരട് ഉടൻ തയാറാകുമെന്ന് സഹകരണ മന്ത്രാലയം സമിതിയെ അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *