എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് കയറ്റുമതി മേഖലയെ ഉലച്ചു. ജീവനക്കാരുടെ സമരംമൂലം 2 ദിവസങ്ങളിലായി വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയപ്പോൾ, കയറ്റുമതി മേഖലയിലെ മാത്രം നഷ്ടം കോടികൾ. കയറ്റുമതിക്കായി കൂടിയ തുകയ്ക്കാണ് പഴം, പച്ചക്കറികൾ വാങ്ങുന്നത്. വിമാനങ്ങളിൽ കയറ്റിയതും കാർഗോ കോംപ്ലക്സ് വഴി കയറ്റാൻ തയാറാക്കിയതുമായ ടൺ കണക്കിനു പഴം, പച്ചക്കറികളാണ് കയറ്റുമതി ഏജൻസികൾക്കു തിരിച്ചെടുക്കേണ്ടിവന്നത്. അവ പിന്നീട് സാധാരണ വിപണിയിൽ കുറഞ്ഞ വിലയിൽ നൽകേണ്ട അവസ്ഥയായി.