രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപരിപാലന സ്ഥാപനങ്ങളിലൊന്നാണ് ദില്ലിയിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അഥവാ എയിംസ്. രോഗികളെ കുറിച്ചുള്ള എല്ലാ ആശുപത്രി രേഖകളും സൈബർ ആക്രമണകാരികളുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ. ഈ രേഖകൾ വിട്ടുനൽകണമെങ്കിൽ പണം നൽകണമെന്ന് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടിട്ടുള്ളതായി സിഎൻബിസിടിവി18 പറയുന്നു.
രാജ്യത്തെ പ്രധാനപ്പെട്ട ആശുപത്രിയായ എയിംസിൽ നിരവധി രോഗികളാണ് എത്തുന്നത്. കിടത്തി ചികിത്സിക്കുന്നവരുടെയും ആശുപത്രിയിൽ എത്തി ചികിത്സിക്കുന്നവരുടെയും രേഖകൾ ഉൾപ്പെടെയാണ് നിലവിൽ ഹാക്കര്‍മാർ ചോർത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സൈബർ അറ്റാക്കിൽ ചൈനീസ് ഹാക്കർമാരുടെ പങ്കാണ് പ്രധാനമായും സംശയിക്കുന്നത്. ഇന്ത്യാടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗികളുടെ വിവരങ്ങൾക്ക് പുറമെ മറ്റെന്തെങ്കിലും വിവരങ്ങൾ ചോർത്തപ്പെട്ടോ എന്നതിൽ വ്യക്തതയില്ല. സൈബർ ആക്രമണം നടന്നുവെന്ന് എയിംസ് അധികാരികൾ തന്നെയാണ് സ്ഥിരികരിച്ചത്. ഡാറ്റ ചോർത്തിയ ശേഷം പണം ആവശ്യപ്പെടുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് റാൻസംവെയർ
ഇവിടെ നൽകേണ്ട തുകയെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല എന്നാണ് വിവരം. രോഗികളെ സംബന്ധിച്ച വിവരങ്ങൾക്ക് പുറമെ സ്മാർട് ലാബ്, ബില്ലിങ്, റിപ്പോർട്ട് ജനറേഷൻ, അപ്പോയിന്റ്മെന്റ് സിസ്റ്റം എന്നിവയും ഹാക്കർമാർ കൈവശപ്പെടുത്തിയിട്ടുണ്ട്. മാനുവലായാണ് ഡൽഹി എയിംസിൽ എല്ലാക്കാര്യങ്ങളും ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഡ്മിഷൻ, ഡിസ്ചാർജ്, ജനന മരണ സർട്ടിഫിക്കറ്റുകൾ എന്നിവയൊക്കെ മാനുവലായാണ് നിലവിൽ തയ്യാറാക്കുന്നത്.
ഈ മാസം 23 നാണ് ആക്രമണം ഉണ്ടായത്. രാവിലെ ഏഴു മണിയാപ്പോഴേക്കും എല്ലാ സംവിധാനങ്ങളും പ്രവർത്തനരഹിതമായി. പ്രോട്ടോൺ മെയിൽ അഡ്രസ് ഉപയോഗിച്ചാണ് ഹാക്കർമാർ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഡിജിറ്റൽ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ആശുപത്രിയ്ക്ക് സഹായവുമായി നാഷണൽ ഇൻഫർമേഷൻ സെന്ററും (എൻഐസി) സേർട്ട്-ഇന്നും രംഗത്തെത്തിയിട്ടുണ്ട്.