എടിഎമ്മുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇന്റർചേഞ്ച് ചാർജ് വർധിപ്പിക്കാൻ അനുമതി

മേയ് 1 മുതൽ മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇന്റർചേഞ്ച് ചാർജ് 2 രൂപ വർധിപ്പിക്കാൻ റിസർവ് ബാങ്കും നാഷനൽ പേയ്മെന്റ്സ് കോർപറേഷനും അനുമതി നൽകി. ബാങ്കുകൾ തമ്മിൽ കൈമാറുന്ന തുകയാണിത്.

സൗജന്യ പരിധിക്ക് ശേഷമുള്ള ഇടപാടുകൾക്ക് മാത്രമാണ് തുക. ബാങ്കുകൾ തമ്മിലുള്ള ഇടപാടാണെങ്കിലും ഇതിന്റെ ബാധ്യത ഒടുവിൽ ഉപയോക്താക്കളിലേക്കു തന്നെ വരാം. എടിഎം ശൃംഖല കുറവുള്ള ചെറിയ ബാങ്കുകളെയാണ് ഇത് കാര്യമായി ബാധിക്കുക.

പണം പിൻവലിക്കൽ അടക്കമുള്ള ധന ഇടപാടുകൾക്കുള്ള നിരക്ക് 17 രൂപയിൽ നിന്ന് 19 രൂപയാക്കാനും ധന ഇതര ഇടപാടുകൾക്ക് (ബാലൻസ് പരിശോധനയടക്കം) 7 രൂപയെന്നത് 6 രൂപയാക്കാനുമാണ് തീരുമാനം.

ഓരോ മാസവും സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് 5 സൗജന്യ ഇടപാടുകൾ നടത്താം. മെട്രോ നഗരങ്ങളിൽ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് 3 സൗജന്യ ഇടപാടും മെട്രോ ഇതര കേന്ദ്രങ്ങളിൽ 5 സൗജന്യ ഇടപാടും നടത്താം. സൗജന്യ ഇടപാടുകൾക്കു ശേഷമാണ് നിരക്ക് ഈടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *