നിര്‍മിത ബുദ്ധിയുടെ (എഐ) ശേഷിയുള്ള ലോകത്തെ ആദ്യത്തെ സമൂഹ മാധ്യമം എന്ന വിശേഷണം റിയലി (Rili) എന്ന സ്പാനിഷ് കമ്പനിയ്ക്ക്. റിയലി.എഐ (Rili.ai) എന്ന പേരിലാണ് പുതിയ പരീക്ഷണം. ഇതിപ്പോള്‍ ആല്‍ഫാ ഘട്ടത്തിലാണ് (https://alpha.rili.ai/). ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഡിജിറ്റല്‍ അപരനെ സൃഷ്ടിക്കാനുള്ള പുതിയ ഫീച്ചറുകളുമായാണ് കമ്പനി എത്തുന്നത്.നിലവിലുള്ള ഒരു സമൂഹ മാധ്യമവും നല്‍കാത്ത തരത്തില്‍, ഭാഷാദേശഭേദമന്യേ ആഴത്തിലുള്ള ബന്ധങ്ങള്‍ രണ്ടു പേര്‍ തമ്മില്‍ സ്ഥാപിക്കാന്‍ അനുവദിക്കുന്നതാണ് റിയലി എന്നാണ് അവകാശവാദം.
ആറു രാജ്യങ്ങളിലാണ് റിയലി സോഫ്റ്റ് ലോഞ്ച് നടത്തിയിരിക്കുന്നത്. ഇന്ത്യ, അമേരിക്ക, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ബ്രസില്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലാണ് ഈ ഘട്ടത്തില്‍ റിയലി പ്രവര്‍ത്തിക്കുക. ആല്‍ഫാ ഘട്ടത്തില്‍ ഉപയോക്താക്കള്‍ നടത്തുന്ന പ്രതികരണം കൂടെ പരിഗണിച്ചായിരിക്കും ആപ് പൂര്‍ണസജ്ജമായി അവതരിപ്പിക്കുക. ഏകദേശം 4000 പേരെക്കൊണ്ട് പരീക്ഷിപ്പിച്ച ശേഷമാണ് ആല്‍ഫാ ആരംഭിച്ചിരിക്കുന്നതെന്ന് റിയലിയുടെ സ്ഥാപകരായ ഹോസെ കുഎര്‍വോ, അന്റോണിയോ കമാചോ എന്നിവര്‍ പറഞ്ഞു. ഇരുവരും ബെല്‍ജിയം സ്വദേശികളാണ്. ഇന്ത്യയില്‍ നിന്നുള്ള പ്രതികരണം നിര്‍ണായകമാണെന്നും ഹോസെ പറഞ്ഞു