എഐ ക്യാമറകൾ സ്ഥാപിക്കാൻ കരാർ നൽകിയ എസ്ആർഐടി മായി ബന്ധമില്ലെന്ന നിലപാട് മാറ്റി ഊരാളുങ്കൽ

എഐ ക്യാമറകൾ സ്ഥാപിക്കാൻ കെൽട്രോൺ കരാർ നൽകിയ എസ്ആർഐടി കമ്പനിയുമായി ബന്ധമില്ലെന്നും കമ്പനി പിരിച്ചുവിട്ടെന്നും വിശദീകരിച്ച ഊരാളുങ്കൽ സൊസൈറ്റി ഇന്നലെ നിലപാട് മാറ്റി. കമ്പനി പൂർണമായി പിരിച്ചുവിട്ടിട്ടില്ലെന്നും സാങ്കേതിക അർഥത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇന്നലെ ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.  

കമ്പനി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും ബാലൻസ് ഷീറ്റും ഓഡിറ്റ് റിപ്പോർട്ടും അടക്കം ഉണ്ടെന്നുമുള്ള വിവരം പുറത്തു വന്നതോടെയാണു പുതിയ വിശദീകരണം. ആശുപത്രി സോഫ്റ്റ് വെയറിനു മാത്രമായാണ് എസ്ആർഐടിയുമായി സംയുക്ത സംരംഭം ആരംഭിച്ചതെന്ന വാദവും ശരിയല്ലെന്നു രേഖകൾ വ്യക്തമാക്കുന്നു. കമ്പനികാര്യ മന്ത്രാലയത്തിനു നൽകിയ രേഖകൾ പ്രകാരം സോഫ്റ്റ്‍വെയർ–ഐടി മേഖലയിലെ സമഗ്ര ബിസിനസാണു സംയുക്ത സംരംഭം ലക്ഷ്യമിടുന്നതെന്നു വ്യക്തമാക്കിയിട്ടുണ്ട്

ഇരു കമ്പനികളും തമ്മിൽ റജിസ്റ്റർ ചെയ്ത ധാരണാപത്രം പ്രകാരം ഐടി മേഖലയിലെ സമഗ്ര നെറ്റ്‍വർക്കിങ്–കൺസൾട്ടൻസി സർവീസാണ് യുഎൽസിസിഎസ്–എസ്ആർഐടി കമ്പനിയുടെ പ്രവർത്തന മേഖല. ഏതെങ്കിലും പ്രത്യേക പദ്ധതിക്കു വേണ്ടിയല്ല, ഈ മേഖലയിലെ സമഗ്ര പദ്ധതികളാണു കമ്പനി ലക്ഷ്യം വയ്ക്കുന്നത്. ഇതുപ്രകാരം കെ–ഫോൺ പദ്ധതി അടക്കമുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴിയുള്ള പ്രവർത്തനങ്ങളും എഐ ക്യാമറ പ്രവർത്തനങ്ങളുമെല്ലാം സംയുക്ത കമ്പനിയുടെ പ്രവർത്തന പരിധിയിൽ വരാവുന്നതാണ്. എസ്ആർഐടിയുടെ പ്രധാന 2 ഡയറക്ടർമാരും ഊരാളുങ്കൽ സൊസൈറ്റി ഡയറക്ടർമാരും സംയുക്ത കമ്പനിയുടെ ഡയറക്ടർമാരാണ്. 

Leave a Reply

Your email address will not be published. Required fields are marked *