വൂലിങ് എയർ എന്ന ചെറു ഇലക്ട്രിക് കാറിനെ അടിസ്ഥാനപ്പെടുത്തി പുറത്തിറക്കുന്ന ഇവിയുടെ വിവരങ്ങള്‍ പുറത്തുവിട്ട് എംജി. കോമറ്റ് എന്ന പേരിൽ ഉടൻ വിപണിയിലെത്തിക്കുന്ന കാറിന്റെ ചത്രങ്ങളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്.
ഇന്തൊനീഷ്യയിൽ പ്രദർശിപ്പിച്ച വാഹനത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിർമാണമെങ്കിലും ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2.9 മീറ്റർ നീളമുള്ള മൂന്നു ഡോർ കാറിൽ നാലുപേർക്ക് സഞ്ചരിക്കാനാകും. ഇന്ത്യയിലെ ചൂടുള്ള സാഹചര്യങ്ങൾക്ക് അനുസരിച്ച് എയർകോൺ, ബാറ്ററി തെർമൽ മാനേജ്മെന്റ് സിസ്റ്റം എന്നിവയിൽ മാറ്റം വരുത്തും എന്നാണ് എംജിയിൽനിന്ന് ലഭിക്കുന്ന വിവരം.
പ്രീമിയം ഫീച്ചറുകളുമായിട്ടാണ് പുതിയ കാർ എത്തുന്നത്. പത്തുലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന കാറിൽ 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡ്യുവൽടോൺ ഇന്റീരിയർ, കണക്റ്റഡ് കാർ ടെക്ക്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവയുണ്ട്. എംജി സിഎസിനെപ്പോലെ മുൻലോഗോയ്ക്കു പിന്നിലാണ് ചാർജിങ് പോർട്ട്.
2010 എംഎം വീൽബെയ്സുള്ള വാഹനത്തിന് 2.9 മീറ്റര്‍ നീളവുമുണ്ടാകും. 20 kWh മുതൽ 25 kWh വരെ കപ്പാസിറ്റിയുള്ള ബാറ്ററിയായിരിക്കും വാഹനത്തിന്. ടാറ്റ ഓട്ടോകോമ്പിൽ നിന്നായിരിക്കും ബാറ്ററി. 200 കിലോമീറ്റർ മുതൽ 300 കിലോമീറ്റരർ വരെ റേഞ്ച് ലഭിക്കും എന്നാണ് കരുതുന്നത്. 68 എച്ച്പി കരുത്തുള്ള മോട്ടറായിരിക്കും ഉപയോഗിക്കുക.