ഉജ്ജ്വല സ്കീമിൽ പുതിയ എൽപിജി കണക്ഷന് 1650 കോടി രൂപയുടെ സബ്‌സിഡി

ഉജ്ജ്വല സ്കീമിന് കീഴിൽ പുതിയ എൽപിജി കണക്ഷനുള്ള 1650 കോടി രൂപയുടെ സബ്‌സിഡി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 75 ലക്ഷം പുതിയ കണക്ഷനുകൾ നൽകാനാണ് അനുമതി. ഇതോടെ മൊത്തം പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലെ ഗുണഭോക്താക്കളുടെ എണ്ണം 10.35 കോടിയായി ഉയരും. 

2023-24 സാമ്പത്തിക വർഷം മുതൽ 2025-26 വരെ മൂന്ന് വർഷത്തിനുള്ളിൽ 75 ലക്ഷം എൽപിജി കണക്ഷനുകൾ നൽകാനാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി ഉജ്ജ്വല യോജന വിപുലീകരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ആണ് അംഗീകാരം നൽകിയത്. ഉജ്ജ്വല സ്കീം ഗുണഭോക്താക്കൾക്ക്, ഒരു എൽപിജി സിലിണ്ടറിന്റെ സബ്‌സിഡി 400 രൂപയാണ്. 

2016 മെയ് മാസത്തിൽ ആണ് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം (എംഒപിഎൻജി) ‘പ്രധാനമന്ത്രി ഉജ്ജ്വല യോജന’ (പിഎംയുവൈ) ഒരു പ്രധാന പദ്ധതിയായി അവതരിപ്പിച്ചത്. പരമ്പരാഗത പാചക ഇന്ധനങ്ങളുടെ ഉപയോഗം ഗ്രാമീണ സ്ത്രീകളുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിച്ചതിനാൽ എൽപിജി പോലുള്ള ശുദ്ധമായ പാചക ഇന്ധനം ഗ്രാമീണർക്കും ദരിദ്രർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്  ഉജ്ജ്വല യോജന കൊണ്ടുവന്നത്. 2016 മെയ് 01 ന് ഉത്തർപ്രദേശിലെ ബല്ലിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ആരംഭിച്ചത്.
 
നിലവിലുള്ള രീതികൾ അനുസരിച്ച്, ഉജ്ജ്വല ഗുണഭോക്താക്കൾക്ക് ആദ്യത്തെ റീഫിൽ സിലിണ്ടർ,  സ്റ്റൗ എന്നിവ സൗജന്യമായി നൽകും. 2016ൽ രാജ്യത്ത് എൽപിജി ഉപയോഗം 62 ശതമാനത്തിൽ നിന്ന് വർധിപ്പിക്കുന്നതിൽ സാമൂഹ്യക്ഷേമ പദ്ധതിയെന്ന നിലയിൽ പിഎംയുവൈ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *