സംസ്ഥാനത്ത് യഥേഷ്ടം ബാറുകൾക്ക് അനുമതി നൽകുമ്പോഴും പുതിയതായി ഒരു ബവ്റിജസ് ഔട്‌ലെറ്റ് പോലും തുറക്കാനാകുന്നില്ല. ഈ വർഷം പുതിയതായി 23 ബാറുകൾക്കു കൂടി ലൈസൻസ് അനുവദിച്ചതോടെ ആകെ ബാറുകളുടെ എണ്ണം 718 ആയി. എന്നാൽ ബവ്റിജസ് ഔട്‌ലെറ്റിൽ അപരിഷ്കൃതമായ നിലയ്ക്കുള്ള തിരക്കാണെന്നു ഹൈക്കോടതി തന്നെ വിമർശിച്ചിട്ടും ഈ വർഷം ഒന്നു പോലും പുതിയതായി തുറന്നില്ല.
പൂട്ടിപ്പോയ 68 ഔട്‌ലെറ്റ് പുനരാരംഭിക്കാനും ബവ്കോ ശുപാർശ ചെയ്ത 175 പുതിയ ഔട്‌ലെറ്റിൽ ആവശ്യമായവ തുടങ്ങാനും കഴിഞ്ഞ മേയിൽ സർക്കാർ ഉത്തരവിട്ടിരുന്നു.നടപടിക്രമം എളുപ്പമാണെങ്കിലും എവിടെയെങ്കിലും ബവ്കോ ഔട്‌ലെറ്റ് തുടങ്ങാൻ ആലോചിക്കുമ്പോൾത്തന്നെ പരാതികളും ഉദ്യോഗസ്ഥർക്കുമേലുള്ള സമ്മർദവും പ്രലോഭനവുമേറുന്നു. തിരക്കു കുറയ്ക്കാനുള്ള കോടതി നിർദേശപ്രകാരം 90 അധിക കൗണ്ടറുകൾ തുടങ്ങിയതും ഏതാനും എണ്ണം മാറ്റി സ്ഥാപിച്ചതും മാത്രമാണ് ഇതുവരെയുണ്ടായ നടപടി. കഴിഞ്ഞവർഷം അവസാനം ഒരു ഔട്‌ലെറ്റും തുറന്നു. ബാറുകൾക്കും മദ്യക്കമ്പനികൾക്കും ലാഭമുണ്ടാക്കാനുള്ള തീരുമാനം തുടർച്ചയായി എടുക്കുന്ന സർക്കാർ സ്വന്തം ഔട്‌ലെറ്റുകളെ തഴയുന്നുവെന്നാണ് ആക്ഷേപം. കഴിഞ്ഞ സാമ്പത്തിക വർഷം 13212 കോടി രൂപയാണു ബവ്കോ സർക്കാരിനു നൽകിയ വരുമാനം.