വ്യാപാരാവശ്യത്തിന് ഒരു സ്ഥലത്തു നിന്നു മറ്റൊരിടത്തേക്കു സ്വർണം കൊണ്ടുപോകാൻ ഇ–വേ ബിൽ നിർബന്ധമാക്കാനുള്ള കേരള ജിഎസ്‌ടി വകുപ്പിന്റെ തീരുമാനത്തെ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് സ്വാഗതം ചെയ്‌തു. പത്തു ലക്ഷം രൂപ വരെയുള്ള സ്വർണം ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അനധികൃത കച്ചവടവും നികുതി വെട്ടിപ്പും തടയാൻ ഇ–വേ ബിൽ നിർബന്ധമാക്കണമെന്ന് ഈ മേഖലയിലുള്ളവർ ആവശ്യപ്പെട്ടു വരികയായിരുന്നു. അക്കാര്യത്തിൽ അനുകൂല തീരുമാനമെടുത്ത സർക്കാരിനെ അഹമ്മദ് അഭിനന്ദിച്ചു. നിയമവിധേയമായി കച്ചവടം നടത്തുന്നവരെ ഇ–വേ ബിൽ ഒരിക്കലും ബാധിക്കില്ല. സ്വർണം കൊണ്ടു പോകുന്നതു വ്യാപാരത്തിനോ ഉപഭോക്താവിന്റെ ആവശ്യത്തിനോ എന്നു തെളിയിക്കുന്ന രേഖകൾ ഉണ്ടായാൽ മതി. അനധികൃത കച്ചവടം നിരുത്സാഹപ്പെടുത്തേണ്ടത്, നികുതി വിധേയമായി വ്യാപാരം നടത്തുകയും രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാവരുടെയും താൽപര്യമാണ്.
കഴിഞ്ഞ കേന്ദ്ര ബജറ്റിലാണു സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചത്. എല്ലാ സംസ്ഥാനങ്ങളും ഇ–വേ ബിൽ നിർബന്ധമാക്കിയാൽ അനധികൃത കച്ചവടവും വലിയ തോതിൽ നിയന്ത്രിക്കാനും സത്യസന്ധമായ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കാനും സാധിക്കുമെന്നും എം.പി. അഹമ്മദ് പറഞ്ഞു